‘‘ഉളുപ്പില്ലാതെ വഴിവിട്ട രീതിയിൽ പണം സമ്പാദിക്കാൻ പ്രയോഗിച്ച മാർഗങ്ങൾ അമ്പരപ്പിച്ചു’’

ന്യൂഡൽഹി ∙ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയും മുഖ്യമന്ത്രിയാകാൻ ശ്രമിച്ച ശശികലയും രണ്ടു കൂട്ടാളികളുമുൾപ്പെട്ട അനധികൃത സ്വത്തു കേസിന്റെ സുപ്രീം കോടതിയിലെ വിധി പ്രസ്‌താവം എട്ടു മിനിറ്റിൽ തീർന്നു. താനെഴുതിയ മൊത്തം 563 പേജുള്ള വിധിന്യായത്തിലെ പ്രസക്‌തഭാഗം വായിക്കുന്നതിനു മുൻപു ജസ്‌റ്റിസ് പിനാകി ചന്ദ്ര ഘോഷ്, വിധിന്യായത്തിന്റെ വലുപ്പത്തെക്കുറിച്ചു പരാമർശിച്ചു.

അനധികൃത സ്വത്തു കണക്കാക്കുന്നതിൽ ബെംഗളുരുവിലെ വിചാരണക്കോടതിയും ഹൈക്കോടതിയും സ്വീകരിച്ച രീതികൾ മൊത്തം 563 പേജുള്ള വിധിന്യായത്തിൽ ജസ്‌റ്റിസ് ഘോഷ് തലനാരിഴ കീറി പരിശോധിച്ചു. വിചാരണക്കോടതിയുടെ നടപടി പൂർണമായും ശരിയെന്നു വിലയിരുത്തി. ജസ്‌റ്റിസ് ഘോഷിന്റെ വിധിന്യായത്തോടു പൂർണമായി യോജിച്ച ജസ്‌റ്റിസ് അമിതാവ റോയ്, സമൂഹത്തിൽ അഴിമതിയെന്ന വിപത്തു പിടിമുറുക്കുന്നതിനെക്കുറിച്ചു തങ്ങൾ ആശങ്ക വ്യക്‌തമാക്കിയിട്ടുണ്ടെന്നു പറഞ്ഞു. ഏഴു പേജിൽ, എട്ടു ഖണ്ഡികകളിൽ, 23 വാചകങ്ങൾ മാത്രമുള്ള വിധിന്യായത്തിൽ, ജസ്‌റ്റിസ് വി.ആർ.കൃഷ്‌ണയ്യരെ അനുസ്‌മരിപ്പിക്കുന്ന ഭാഷയിലാണു ജസ്‌റ്റിസ് റോയ് പൊതുരംഗത്തെ അഴിമതിയെക്കുറിച്ചു വാചാലനായത്. തങ്ങൾ പരിഗണിച്ച കേസിൽ, ഉളുപ്പില്ലാതെ വഴിവിട്ട രീതികളിൽ പണം സമ്പാദിച്ചതും അതിനു പ്രയോഗിച്ച നൂതന മാർഗങ്ങളും അമ്പരപ്പിക്കുന്നതാണെന്നു ജസ്‌റ്റിസ് റോയ് വ്യക്‌തമാക്കി.

സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതിയുടെ നീരാളിപ്പിടിത്തമാണെന്നും എല്ലാ തലങ്ങളിലും ഒറ്റയ്‌ക്കും കൂട്ടായുമുള്ള ശ്രമമുണ്ടെങ്കിലെ അതിൽനിന്നുള്ള മോചനം സാധ്യമാകുകയുള്ളൂവെന്നും ജസ്‌റ്റിസ് റോയ് ഓർമിപ്പിച്ചു. അധികാരമുള്ളവർ അതു ദുരുപയോഗിച്ചും ആശ്രിതരുടെ പിന്തുണയോടെയും അഴിമതിയിലൂടെ സമ്പത്തുണ്ടാക്കുകയാണ്. അഴിമതിക്കാരും അവരെ അഴിമതിക്കാരാക്കുന്നവരും സമൂഹത്തോടും രാജ്യത്തോടും ഉത്തരം പറയണം. കാരണം, അവർ സത്യപ്രതിജ്‌ഞാ ലംഘനം നടത്തുന്നവരും ഭരണഘടനയോടു പ്രഖ്യാപിച്ച കൂറിനെ വഞ്ചിക്കുന്നവരുമാണ്. പൊറുക്കാനാവാത്ത കുറ്റമാണ് അവർ ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും ചെയ്യുന്നത്.

തത്വാധിഷ്‌ഠിതമായി ജീവിക്കുന്നവരെ മുതലെടുത്തു ജീവിക്കുന്ന അഴിമതിക്കാർ രാജ്യത്തിന്റെ ധാർമിക സംവിധാനത്തെ തകർക്കുന്നതിനൊപ്പം ഉള്ളവരും ഇല്ലാത്തവരുമായുള്ള അന്തരം വർധിപ്പിക്കുകയുമാണ്. സത്യസന്ധരായവരുടെ മനസ്സുമടുപ്പിക്കുന്ന സംഗതിയാണിത്. ധാർമിക മൂല്യങ്ങളിൽ അടിയുറച്ചു ജീവിക്കുന്നവർ ന്യൂനപക്ഷവും പ്രതീക്ഷ നശിച്ചവരുമാകുന്ന സ്‌ഥിതിയാണുള്ളതെന്നും സ്വതന്ത്ര ഭാരതത്തിനായി പടപൊരുതിയവർ പ്രതീക്ഷിച്ച സാമൂഹിക ക്രമത്തിനായി ഓരോരുത്തരും പടപൊരുതേണ്ടതുണ്ടെന്നും ജസ്‌റ്റിസ് റോയ് വ്യക്‌തമാക്കി.

സ്വത്തു സമ്പാദനത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചനയും

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 109 വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ 13(1) (ഇ), 13 (2) വകുപ്പുകളും പ്രകാരമാണു ശിക്ഷ. മൊത്തം 66.65 കോടി രൂപ ജയലളിത അനധികൃതമായി സമ്പാദിച്ചെന്നും മറ്റു മൂന്നുപേരും അതിനു കൂട്ടുനിന്നുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. നാലുപേർക്കുമെതിരെ അനധികൃത സ്വത്തു സമ്പാദത്തിനു പുറമേ, ക്രിമിനൽ ഗൂഢാലോചനയും ആരോപിക്കപ്പെട്ടു. അനധികൃതമായി സമ്പാദിച്ചത് 53.6 കോടിയെന്നു കണക്കാക്കി വിചാരണക്കോടതി ശിക്ഷ വിധിച്ചു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി, അനധികൃതമായുള്ളത് 2.82 കോടി മാത്രമാണെന്നും വരുമാനത്തിന്റെ 8.12% മാത്രമാണിതെന്നതിനാൽ ശിക്ഷ വേണ്ടെന്നും വിധിച്ചു. അതിനെതിരെയുള്ള അപ്പീലുകൾ അനുവദിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടെ വിധി റദ്ദാക്കി.