48 മിനിറ്റ് ആയപ്പോൾ തന്നെ ബജറ്റ് ചോർന്നു; 10.26ന് 31 പേർക്ക് ഇമെയിൽ ആയി ലഭിച്ചു

തിരുവനന്തപുരം∙ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി 48 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പ്രധാന വിവരങ്ങൾ പുറത്തായി. ബജറ്റ് സംബന്ധിച്ച 15 പേജുള്ള കുറിപ്പ് അപ്പോഴേക്കും മന്ത്രിയുടെ ഓഫിസിൽ നിന്നു 31 പേർക്ക് ഇ–മെയിൽ ആയി അയച്ചു. അപ്പോൾ ബജറ്റ് പ്രസംഗത്തിന്റെ മൂന്നിലൊന്നേ ആയിരുന്നുള്ളൂ.

തുടർന്ന് 10.26 നു ധനമന്ത്രിയുടെ ഓഫിസിന്റെ മെയിൽ ലിസ്റ്റിലുള്ള എല്ലാവർക്കും ഇത് ഇ–മെയിലിൽ ലഭിച്ചു. ആദ്യം അയച്ചവർക്കും വീണ്ടും അയച്ചു. അതോടെ ബജറ്റിന്റെ ഉള്ളടക്കം വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. എപിഎസ് പിആർ ഫിനാൻസ് മിനിസ്റ്റർ എന്ന ഇ–മെയിൽ ഐഡിയിൽ നിന്നാണ് ആദ്യ സന്ദേശം പോയത്.

മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ.പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നായിരുന്നു 10.26 നുള്ള സന്ദേശം. ബജറ്റ് രേഖ പുറത്തുപോയ സാഹചര്യത്തിൽ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനു തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്കു കത്തു നൽകി.

മന്ത്രിയെക്കൂടാതെ, ബജറ്റ് രേഖ പുറത്തുപോയതിന് ഉത്തരവാദിയെന്നു പറയുന്ന മനോജ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും ഔദ്യോഗിക രഹസ്യനിയമം 1923 പ്രകാരവും ഇന്ത്യൻ പീനൽ കോഡ് സെക്‌ഷൻ 5(2) പ്രകാരവും കോടതിയിൽ പരാതി നൽകുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പ്രോസിക്യൂഷനൊപ്പം ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം പ്രഖ്യാപിക്കണം. ബജറ്റ് രേഖകൾ കൈവശം വയ്ക്കാൻ അർഹതയില്ലാത്ത ആളായിട്ടും മനോജിനെ ഇത് ഏൽപിച്ച ഉദ്യോഗസ്ഥരെയും കണ്ടുപിടിക്കണം. ബജറ്റ് രേഖകൾ ധനമന്ത്രിയുടെ നിയന്ത്രണത്തിൽ ആയിരിക്കെ അദ്ദേഹത്തിനു ചോർച്ചയിലുള്ള പങ്കും അന്വേഷിക്കണം–രമേശ് ആവശ്യപ്പെട്ടു.

പ്രശ്നം അന്വേഷിക്കാൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ രേഖ പുറത്തു പോയെന്നു വ്യക്തമായ സാഹചര്യത്തിൽ സംഭവം നിസാരവൽക്കരിക്കാനാണു സർക്കാർ തീരുമാനം.

മുമ്പ് യുഡിഎഫ് ഭരണകാലത്തു ബജറ്റ് രേഖകൾ പുറത്തുവന്നിരുന്നുവെന്നും അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ചെന്നും ഭരണപക്ഷം ന്യായം പറയുന്നു. ധനമന്ത്രിക്കു പിന്നിൽ ഉറച്ചു നിൽക്കാനാണു തീരുമാനം.

ബജറ്റ് ചോർത്തുന്നതു ശിക്ഷാർഹം

ബജറ്റ് രേഖകൾ, സഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ചോർത്തുന്നത് ഔദ്യോഗിക രഹസ്യനിയമം 5(2), 5(1) (b), വകുപ്പുകൾ, ഐപിസിയിലെ 120(B) വകുപ്പ് എന്നിവ പ്രകാരം ശിക്ഷാർഹമാണ്.

കെ.ബാലകൃഷ്ണനുമായുള്ള കേസിൽ, ബജറ്റ്‌രേഖ ഔദ്യോഗിക രഹസ്യത്തിന്റെ പരിധിയിൽ വരുമെന്നും അവതരണത്തിനു മുമ്പു പ്രസിദ്ധീകരിക്കുന്നതു ശിക്ഷാർഹമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നന്ദലാൽ മോറും പഞ്ചാബ് ആൻഡ് ഹരിയാന സംസ്ഥാനവും തമ്മിലുള്ള കേസിന്റെ വിധിയിലും പാർലമെന്റിലോ, നിയമസഭയിലോ അവതരിപ്പിക്കും വരെ ബജറ്റ് നിർദേശം പുറത്തു പോകരുതെന്നു പറഞ്ഞിരുന്നു.