Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് വിവരങ്ങൾ ചോർന്ന സംഭവം: നിയമസഭ ഇന്ന് പ്രക്ഷുബ്ധമാകും

puli-cartoon

തിരുവനന്തപുരം∙ ബജറ്റ് അവതരണത്തിന്റെ വേളയിൽത്തന്നെ അതിലെ വിവരങ്ങൾ ധനമന്ത്രിയുടെ ഓഫിസിൽനിന്നു പുറത്തുപോയ സംഭവത്തെച്ചൊല്ലി നിയമസഭ ഇന്നു പ്രക്ഷുബ്ധമാകും. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സമീപനം ഇക്കാര്യത്തിൽ സഭയാകെ ഉറ്റുനോക്കുന്നു.

ധനമന്ത്രിയെ ഇക്കാര്യത്തിൽ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്കു നൽകിയ കത്ത് അദ്ദേഹം നിയമ സെക്രട്ടറിയുടെ പരിഗണനയ്ക്കു വിട്ടു. ഗവർണർക്കു പ്രതിപക്ഷവും കെ.എം.മാണിയും നൽകിയ കത്തുകൾ അദ്ദേഹം മുഖ്യമന്ത്രിക്കും കൈമാറി.

പരിശോധനയും തുടർനടപടിയും ആവശ്യപ്പെട്ടാണ് ഇത്. തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഭാഗത്തുനിന്നു സംഭവിച്ച വീഴ്ചയായി ഇതിനെ ധനമന്ത്രി ചുരുക്കി കാണിക്കുന്നതിനെ പ്രതിപക്ഷം അംഗീകരിക്കുന്നില്ല. ബജറ്റിന്റെ രഹസ്യം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെയും സർക്കാരിന്റെയും കടമയാണ്.

ആ രഹസ്യം അദ്ദേഹം തന്റെ സ്റ്റാഫിനു നേരത്തേ കൈമാറിയെങ്കിൽ അതു ഗുരുതരമായ കുറ്റവുമാണ്. ബജറ്റ് അവതരണം പൂർത്തിയായശേഷം ഇനി അതിന്റെ പകർപ്പ് അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകാൻ സ്പീക്കർ നിർദേശിക്കുന്നതോടെയാണു ബജറ്റ് സഭയുടെതന്നെ സ്വത്തായി മാറുന്നത്.

പാർലമെന്റിലാണെങ്കിൽ ബജറ്റ് അവതരണ വേളയിൽ ഒരു സ്ലിപ് മാത്രമേ നൽകൂ. അവതരണം പൂർത്തിയായശേഷം അംഗങ്ങൾ സ്ലിപ്പുമായി ബന്ധപ്പെട്ട കൗണ്ടറിലെത്തി ബജറ്റിന്റെ പകർപ്പു വാങ്ങണം. ബജറ്റിന്റെ വിശദാംശങ്ങൾ ധനമന്ത്രി മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാറില്ല. മുഖ്യമന്ത്രിയെ തലേന്നു രാത്രി വായിച്ചുകേൾപ്പിക്കും.

ശേഷം ഗവ. പ്രസിൽ അച്ചടിക്കുന്ന ബജറ്റിന്റെ അവതരണം പൂർത്തിയായശേഷമേ പ്രസിലെ ജീവനക്കാരെ പുറത്തുവിടൂ. ആ രഹസ്യരേഖയുടെ സാരാംശമാണ് 15 പേജുകളിലായി അവതരണം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മന്ത്രിയുടെ ഓഫിസിൽ നിന്നുതന്നെ പുറത്തുവന്നത് എന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതു സത്യപ്രതിജ്ഞാ ലംഘനവും നിയമസഭയോടുള്ള അവഹേളനവും ആകയാൽ മന്ത്രിക്കു തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്നും അവർ വാദിക്കുന്നു.

എന്നാൽ പുറത്തുവന്നതു ബജറ്റ് രേഖയുടെ ഭാഗമല്ലെന്നാണു ഭരണപക്ഷത്തിന്റെ ന്യായം. മാധ്യമ പ്രവർത്തകരുടെ സൗകര്യത്തിനായി തയാറാക്കിവച്ചത് അൽപം നേരത്തേ കൊടുത്തതിൽ വീഴ്ചയുണ്ടായിരിക്കാം. അതിനപ്പുറമുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഒച്ചപ്പാടാണെന്നും ആരോപിക്കുന്നു.

സർക്കാരിന്റെ സമീപനം അനുസരിച്ചു സഭയിലെ സഹകരണം തീരുമാനിക്കാം എന്ന ധാരണയാണ് ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിൽ നടത്തിയ കൂടിയാലോചനയിലുണ്ടായത്. രാവിലെ എട്ടിനു യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗവും ചേരും.

ബജറ്റ് അപ്പാടെ ബഹിഷ്കരിക്കണമോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. അങ്ങനെ ചെയ്താൽ ബജറ്റ് പാസാക്കേണ്ട അടുത്ത നിയമസഭാ സമ്മേളനത്തിലും ആ സമീപനം സ്വീകരിക്കേണ്ടിവരും. വരൾച്ച അടക്കം ജനകീയ വിഷയങ്ങൾ ഉന്നയിക്കാനാകാതെ വരും. സഭയിലെ പ്രക്ഷോഭം കനപ്പിക്കുന്നതിനൊപ്പം നിയമ പോരാട്ടത്തിന്റെ സാധ്യതകളും സ്വീകരിക്കാനാണു തീരുമാനം.

related stories