Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭായോഗ തീരുമാനം: സർക്കുലർ നടപ്പാകുന്നില്ലെന്ന് ആക്ഷേപം

കൊച്ചി ∙ മന്ത്രിസഭായോഗ തീരുമാനത്തിലുള്ള ഉത്തരവ് തീരുമാനം ലഭിച്ചു 48 മണിക്കൂറിനകം പുറപ്പെടുവിക്കണമെന്നും വെബ്സൈറ്റിൽ ഇടണമെന്നും സർക്കാർ സർക്കുലർ ഇറക്കിയെങ്കിലും നടപ്പാകുന്നില്ലെന്നു ഹൈക്കോടതിയിൽ ആക്ഷേപം.

2016 ജൂലൈ നാലിനും ഒക്ടോബർ 13നുമിടയിൽ മന്ത്രിസഭ 293 തീരുമാനങ്ങളെടുത്തെങ്കിലും 36ൽ തുടർനടപടിയുണ്ടായില്ലെന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്ഷേപം ഉന്നയിച്ചത്.

വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനുവാണ് സത്യവാങ്മൂലം നൽകിയത്. സർക്കുലർ നടപ്പാകുന്നില്ലെന്നു 2016 നവംബർ ഒന്നിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ വ്യക്തമാണെന്നും ബോധിപ്പിച്ചു.

മന്ത്രിസഭാ തീരുമാനങ്ങൾ, അജൻഡ, മിനിറ്റ്സ് എന്നിവ വിവരാവകാശ നിയമപ്രകാരം പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ലഭ്യമാക്കണമെന്ന മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.

പൊതുഅധികാരികളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങൾ സാങ്കേതികതയുടെ പേരിൽ നിഷേധിക്കുന്നതു ശരിയല്ലെന്നും ഭരണകാര്യങ്ങൾ പൊതുജനം അറിയുകയെന്നതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.