Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ സിമന്റ്സ്: വി.എം.രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം

Radhakrishnan വ്യവസായി വി.എം.രാധാകൃഷ്ണൻ പാലക്കാട് വിജിലൻസ് ഓഫിസിൽ കീഴടങ്ങാനെത്തിയപ്പോൾ.

പാലക്കാട്/തൃശൂർ ∙ മലബാർ സിമന്റ്സ് അഴിമതിക്കേസിൽ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനു വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരുമാസം പാലക്കാട് ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിടാൻ പാടില്ലെന്നുമടക്കമുള്ള ഉപാധികളോടെയാണു ജാമ്യം. ആദ്യരണ്ടാഴ്ച ഒന്നിടവിട്ട ദിവസങ്ങളിൽ വിജിലൻസ് ഒ‍ാഫിസിൽ ഹാജരാകണം, ആവശ്യപ്പെടുമ്പേ‍ാഴെല്ലാം ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണു മറ്റു ജാമ്യവ്യവസ്ഥകൾ.

കസ്റ്റഡിയിൽ വിട്ടുനൽകണമെന്നു വിജിലൻസ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. ഇന്നലെ രാവിലെ ഒൻപതരയോടെയാണു പാലക്കാട് ഡിവൈഎസ്പി എം.സുകുമാരനു മുന്നിൽ രാധാകൃഷ്ണൻ കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. കോടതി അനുവദിച്ച സമയം ഇന്നലെ വൈകുന്നേരം അവസാനിക്കാനിരിക്കെയായിരുന്നു കീഴടങ്ങൽ.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ രാധാകൃഷ്ണനെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു ശേഷം രണ്ടാമതും കോടതിയിലെത്തിച്ചപ്പോഴാണ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടുനൽകണമെന്നു വിജിലൻസ് ആവശ്യപ്പെട്ടത്. തനിക്കെതിരായ കേസ് അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും കോടതിയിൽ അറിയിച്ച രാധാകൃഷ്ണൻ, മാനേജ്മെന്റുതല ഗൂഢാലോചന കേസിനു പിന്നിലുണ്ടെന്നും ആരോപിച്ചു.

കസ്റ്റഡി അനുവദിക്കപ്പെടുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നെങ്കിലും ജാമ്യം അനുവദിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്കു ഹാജരായാൽ മതിയെന്നും ഉത്തരവിടുകയായിരുന്നു. ഒൻപതു വർഷത്തേക്കു ഫ്ലൈ ആഷ് നൽകാൻ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എആർകെ വുഡ്സ് ആൻഡ് മെറ്റലും മലബാർ സിമന്റ്സും തമ്മിൽ ഉണ്ടാക്കിയ കരാറാണു കേസിനാധാരം. ഇടപാടിൽ ബാങ്ക് ഗാരന്റി തുകയായ 53 ലക്ഷം രൂപ പിൻവലിച്ചതിലൂടെ മലബാർ സിമന്റ്സിനു നഷ്ടമുണ്ടായെന്നാണു കേസ്. കേസിൽ മൂന്നാം പ്രതിയാണ് രാധാകൃഷ്ണൻ. മുൻ എംഡി പദ്മകുമാർ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

ഒൻപതുവർഷത്തെ കരാറുണ്ടാക്കിയത് 2004ൽ

സിമന്റ് നിർമാണത്തിലെ അസംസ്കൃതവസ്തുവായ ഫ്ലൈആഷ് എത്തിക്കാൻ വി.എം.രാധാകൃഷ്ണന്റെ കേ‍ായമ്പത്തൂരിലുള്ള എആർകെ വുഡ് ആൻഡ് മെറ്റൽ കമ്പനിയുമായി സിമന്റ്സ് 2004 ലാണ് ഒൻപതുവർഷത്തെ കരാറുണ്ടാക്കിയത്. കരാറിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും ബാങ്ക് ഗാരന്റി വ്യവസ്ഥയും നടപ്പാക്കി. 50 ലക്ഷം രൂപയായിരുന്നു എആർകെയുടെ ഗാരന്റി തുക. ആഷ് കടത്താനുള്ള കരാറും പിന്നീട് എആർകെ നേടി.

മേട്ടൂരിൽ നിന്നുള്ള ആഷിന് തൂത്തുകുടിയിൽ നിന്നുള്ള കടത്തുകൂലിയാണ് ഈടാക്കിയത്. 2007–2008 കാലയളവിൽ സിമന്റ്സ് അഴിമതിക്കേസുകളിൽ രാധാകൃഷ്ണൻ പ്രതിയായതേ‍ാടെ ഫ്ലൈആഷ് വിതരണം താറുമാറായി. കെ.എസ്.ശ്രീനിവാസൻ സിമന്റ്സ് എംഡിയായപ്പേ‍ാൾ ഇടപാടിലെ ക്രമക്കേ‍ടിനെതിരെ നടപടി ആരംഭിച്ചു.

കരാർ ഒഴിവാക്കാൻ നേ‍ാട്ടിസ് നൽകി. പിന്നീട് എംഡിയായ എഡിജിപി പി.ചന്ദ്രഭാനുവിന്റെ കാലത്ത് നടപടി തുടർന്നതേ‍ാടെ അരക്കേ‍ാടി രൂപ നഷ്ടം നൽകണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്റെ കമ്പനി 2088 സെപ്റ്റംബർ 18ന് സിമന്റ്സിനു നേ‍ാട്ടിസ് അയച്ചെങ്കിലും അക്കാര്യം ഡയറക്ടർ ബേ‍ാർഡിനെ അറിയിക്കാതെ പണം പിൻവലിക്കാൻ ഉദ്യേ‍ാഗസ്ഥരിൽ ചിലർ അദ്ദേഹത്തെ സഹായിച്ചുവെന്നാണു വിജിലൻസ് കണ്ടെത്തൽ.

related stories