Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫയലുകൾ കാണാതായ സംഭവം: കോർട്ട് ഓഫിസർക്കെതിരെ നടപടിക്കു ശുപാർശ

Kerala-High-Court-3

കൊച്ചി ∙ മലബാർ സിമന്റ്സ് അഴിമതിക്കേസിലെ ഫയലുകൾ കാണാതായ സംഭവത്തിൽ 2016ലെ ഹൈക്കോടതി കോർട്ട് ഓഫിസർക്കെതിരെ നടപടിക്കു ശുപാർശ. ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറാണ് ഇതു സംബന്ധിച്ചു ചീഫ് ജസ്റ്റിസിനു റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ വിജിലൻസ് റജിസ്ട്രാർക്കു നിർദേശം നൽകിയിരുന്നു.

ഫയലുകൾ സംശയകരമായ രീതിയിൽ ഹൈക്കോടതിയിൽ നിന്ന് അപ്രത്യക്ഷമായത് 2016–ലാണെന്നു ബോധ്യപ്പെട്ടതോടെയാണ് അക്കാലത്തു കേസുകൾ പരിഗണിച്ചിരുന്ന കോടതിയുടെ കോർട്ട് ഓഫിസർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തത്. പരിഗണനയ്ക്കെത്തുന്ന കേസ് ഫയലുകളുടെ പൂർണ ചുമതല കോർട്ട് ഓഫിസർക്കാണ്.

സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കേണ്ടതു ചീഫ് ജസ്റ്റിസാണ്. കേസ് ഫയലുകൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം, ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്ന റജിസ്റ്റർ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

മലബാർ സിമന്റ്സിലെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ, ജോയ് കൈതാരം എന്നിവർ നൽകിയ ഹർജികൾ, തൃശൂർ വിജിലൻസ് കോടതിയിലെ അഴിമതിക്കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച ഹർജികൾ എന്നിവയുടെ ഫയലുകളാണു കാണാതായത്.

related stories