Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ സിമന്റ്‌സ്: സിബിഐ അന്വേഷണ ഹർജി തള്ളി

malabar-cements

കൊച്ചി ∙ മലബാർ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ അന്വേഷണം സിബിഐക്കു കൈമാറണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ പിതാവ് കെ. വേലായുധനും ജനകീയ ആക്‌ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ജോയ് കൈതാരവും സമർപ്പിച്ച ഹർജികളാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. സമാനാവശ്യത്തിലുള്ള ഹർജി മുൻപു തള്ളിയതാണെന്നു വിലയിരുത്തിയാണു നടപടി.

അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷിച്ചു കുറ്റപത്രം നൽകിയതാണെങ്കിലും പ്രതിയായ രാധാകൃഷ്ണന്റെ ഓഫിസിൽ നിന്നു സിബിഐക്കു 36 രഹസ്യരേഖ ലഭിച്ചതായി ഹർജിഭാഗം അഭിഭാഷകൻ വാദിച്ചു. വിജിലൻസ് നല്ല രീതിയിൽ അന്വേഷിച്ചില്ലെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. എ.കെ. സുരേന്ദ്രൻ സമർപ്പിച്ച സിബിഐ അന്വേഷണ ഹർജി 2011 നവംബർ 11നു ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട റിവ്യൂ ഹർജിയും തള്ളി.

ഈ സാഹചര്യത്തിൽ സമാനാവശ്യം വീണ്ടും പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. ഇതുൾപ്പെടെ മലബാർ സിമന്റ്സ് ഹർജികളുടെ രേഖകൾ കാണാതായതു വിവാദമായിരുന്നു. സിംഗിൾ ജഡ്ജി വിജിലൻസ് റജിസ്ട്രാറുടെ അന്വേഷണത്തിനും നിർദേശിച്ചിരുന്നു. എന്നാൽ, സിബിഐ അന്വേഷണ ഹർജി 2011ൽ ഡിവിഷൻ ബെഞ്ച് തള്ളിയിട്ടുള്ളതു ശ്രദ്ധയിൽപ്പെട്ടതോടെ കേസ് ഡിവിഷൻ ബെഞ്ചിലേക്കു വിടുകയായിരുന്നു.

അതേസമയം, മലബാർ സിമന്റ്‌സിലെ മുൻ ഡയറക്ടർമാർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയും അഴിമതിയെക്കുറിച്ചു തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി 30നു പരിഗണിക്കും.

related stories