മന്ത്രി എ.സി.മൊയ്തീന്റെ വീട്ടിൽ മോഷണ ശ്രമം

വടക്കാഞ്ചേരി ∙ മന്ത്രി എ.സി.മൊയ്തീന്റെ പനങ്ങാട്ടുകരയിലെ വീട് ഇന്നലെ രാവിലെ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. മന്ത്രിയും കുടുംബവും തിരുവനന്തപുരത്താവുമ്പോൾ വീട് പൂട്ടിയിടുകയാണു പതിവ്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തുനിന്നു ഭാര്യയോടൊപ്പം വീട്ടിലെത്തിയ മന്ത്രി തന്നെയാണു വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടു തകർത്തു തുറന്ന നിലയിൽ ആദ്യം കണ്ടത്.

അകത്തു കടന്നു നോക്കിയപ്പോൾ കിടപ്പുമുറികളുടെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിൽ പണമോ ആഭരണങ്ങളോ സൂക്ഷിക്കുക പതിവില്ലാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞു. വിവരമറിഞ്ഞ് കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരൻ, വടക്കാഞ്ചേരി സിഐ ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

വീടിന്റെ പിൻവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘം മന്ത്രിയുടെ വീട്ടിലെത്തി സുരക്ഷ ഉറപ്പുവരുത്തി തിരിച്ചു പോയിരുന്നു. നാലരയോടെയാണു മന്ത്രിയും ഭാര്യയും വീട്ടിലെത്തിയത്. തെക്കുംകര പഞ്ചായത്തിന്റെ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതു പതിവായിട്ടുണ്ട്.

മന്ത്രിയുടെ വീട്ടിലും മോഷണ ശ്രമം നടന്നതോടെ പഞ്ചായത്ത് വാർഡുകളിൽ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളുടെ വിവരം ശേഖരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ പഞ്ചായത്ത് അംഗങ്ങൾക്കു നിർദേശം നൽകി.