എടിഎം സർവീസ് ചാർജ്: ജനത്തിനു രോഷം

തിരുവനന്തപുരം∙ നോട്ട് പിൻവലിക്കലിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കും മുൻപ് എടിഎം ഇടപാടുകൾക്കായുള്ള സർവീസ് ചാർജ് പുനഃസ്ഥാപിച്ചതിനെതിരെ ബാങ്കുകളിലേക്ക് ഇടപാടുകാരുടെ വ്യാപക പരാതി. സർവീസ് ചാർജിൽ നിന്നു രക്ഷപ്പെടാൻ ഇടപാടുകാർ ബാങ്ക് ശാഖകളിൽ നേരിട്ട് എത്തി പണം പിൻവലിക്കാൻ കൂടി തുടങ്ങിയതോടെ ശാഖകളിൽ തിരക്കുമേറി.

പ്രതിമാസം അഞ്ച് ഇടപാടുകൾക്കു ശേഷമുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്. നോട്ട് പിൻവലിക്കൽ കാലയളവിൽ ഇതു നിർത്തലാക്കിയെങ്കിലും കഴിഞ്ഞ ഒന്നു മുതൽ ബാങ്കുകൾ വീണ്ടും ഇൗടാക്കിത്തുടങ്ങിയിരുന്നു. എസ്ബിടിയും എസ്ബിഐയും കഴിഞ്ഞ ശനിയാഴ്ച മുതലാണു സർവീസ് ചാർജ് പുനഃസ്ഥാപിച്ചത്.

ടിഎമ്മുകളിൽ ആവശ്യത്തിനു പണമില്ലാതിരിക്കുകയും പിൻവലിക്കാവുന്ന തുകയ്ക്കു പരിധി തുടരുകയും ചെയ്യുമ്പോൾ സർവീസ് ചാർജ് പുനഃസ്ഥാപിച്ചതിലാണ് ഇടപാടുകാർക്ക് അമർഷം. അതേസമയം, പണമില്ലാത്ത എടിഎമ്മുകൾ ഉപയോഗിച്ചാൽ അത് ഇടപാടായി കണക്കാക്കില്ലെന്നും എടിഎം ശൃംഖല അത്തരത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.