ലോ അക്കാദമി: മുഖ്യകവാടവും മതിലും പൊളിച്ചു മാറ്റി; ഇന്നു ക്ലാസ് പുനരാരംഭിക്കും

നിയമം നിയമത്തിന്റെ വഴിയേ: തിരുവനന്തപുരം പേരൂർക്കടയിൽ ലോ അക്കാദമി ലോ കോളജ് മാനേജ്മെന്റ് അനധികൃതമായി നിർമിച്ച മുഖ്യകവാടവും മതിലും പൊളിച്ചുനീക്കുന്നു.

തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി ലോ കോളജിന്റെ മുഖ്യകവാടവും മതിലും റവന്യു ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി. ജല അതോറിറ്റിയുടെ ഭൂമിയിലും സർക്കാർ പുറമ്പോക്കിലുമായി നിർമിച്ച ഗേറ്റും മതിലും 24 മണിക്കൂറിനകം പൊളിക്കാൻ ലോ അക്കാദമിക്കു വെള്ളിയാഴ്ച നോട്ടിസ് നൽകിയിരുന്നു.

ഗേറ്റ് മാനേജ്മെന്റ് തന്നെ ശനിയാഴ്ച ഇളക്കി മാറ്റിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും മതിൽ പൊളിക്കാതെ വന്നപ്പോഴാണ് ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് റവന്യു അധികൃതർ അതു പൊളിച്ചത്. റവന്യു നടപടി വൈകുന്നു എന്നാരോപിച്ചു രാവിലെ പ്രതിഷേധപ്രകടനം നടത്തിയ ഐഐവൈഎഫ് പ്രവർത്തകർ ഇതെ തുടർന്ന് ആഹ്ലാദപ്രകടനം നടത്തി.

മതിൽ പൊളിച്ചതിന്റെ ചെലവ് അക്കാദമിയിൽ നിന്ന് ഈടാക്കും. ഒരു മാസമായി അടച്ചിട്ടിരിക്കുന്ന അക്കാദമിയിൽ ഇന്നു ക്ലാസ് പുനരാരംഭിക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ യോഗം നാളെ ഉച്ചയ്ക്കു രണ്ടിനു ചേരുമെന്ന് അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായർ അറിയിച്ചു.

വിജയാഹ്ലാദ സൂചകമായി യൂണിഫോം ഉപേക്ഷിച്ച് ഇന്നു സാരി ഉടുത്തു വരാൻ തയാറെടുത്തിരിക്കുകയാണു സമരം ചെയ്ത വിദ്യാർഥിനികൾ. പുറമ്പോക്കു ഭൂമിയും ജല അതോറിറ്റിയിലേക്കുള്ള പൊതുവഴിയും കയ്യേറിയാണ് അക്കാദമിയുടെ മുഖ്യകവാടവും മതിലും നിർമിച്ചിരിക്കുന്നതെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ റിപ്പോർട്ട് ചെയ്തിരുന്നു.

മതിലും ഗേറ്റും പൊളിച്ചെങ്കിലും ഇനിയുള്ള റവന്യു നടപടികൾ വൈകും. കന്റീനും സഹകരണ ബാങ്കും അക്കാദമി വളപ്പിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു സംബന്ധിച്ചു മാനേജ്മെന്റിന്റെ വിശദീകരണം കേട്ട ശേഷം നടപടി തീരുമാനിക്കും.

അക്കാദമി നിയമാവലിയിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചും വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്റെ നിയമസാധുത പരിശോധിച്ചും മാത്രമേ നടപടി പറ്റൂ. ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലും ബേസിക് ടാക്സ് റജിസ്റ്റർ (ബിടിആർ) പ്രകാരം പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതു പൊതുവഴിയാണ്. അക്കാദമിക്കായി ഇത് ഒരു ഘട്ടത്തിലും പതിച്ചുനൽകിയിട്ടില്ലെങ്കിലും സ്വകാര്യ വഴിയായും ഗേറ്റായുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.