Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച നേതാവിനെ എഐഎസ്എഫ് പുറത്താക്കി

Lakshmi Nair വി.ജി. വിവേക്

തിരുവനന്തപുരം ∙ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ചെന്ന കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച നേതാവിനെ എഐഎസ്എഫ് പുറത്താക്കി. ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വി.ജി. വിവേകിനെയാണ് പുറത്താക്കിയത്. പരാമര്‍ശത്തില്‍ വിശദീകരണം തേടിയതിനു പിന്നാലെയാണ് സിപിഐ വിദ്യാർഥി സംഘടനയുടെ നടപടി.

കേസ് പിന്‍വലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് നേരത്തെ വിവേക് പറഞ്ഞിരുന്നു. എന്നാൽ, വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു. പട്ടിക ജാതി/വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണു പേരൂർക്കട പൊലീസ് കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്തു ലക്ഷ്മി നായർ ഹർജി നൽകിയിരുന്നു.

പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു വിദ്യാർഥി അറിയിച്ചതിനെ തുടർന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പരാതി പിൻവലിക്കാൻ വിവേക് തയാറാണെന്നു കാണിച്ചു ലക്ഷ്മി നായർ നൽകിയ ഹർജിയിലാണു നടപടി. സ്വന്തം ഇഷ്ടപ്രകാരമാണു കേസിൽനിന്നു പിന്മാറുന്നതെന്നു വിദ്യാർഥി നേരിട്ടു ഹാജരായി ബോധിപ്പിച്ചു. കേസ് ഒത്തുതീർപ്പായെന്നും കോളജിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണുള്ളതെന്നും വിവേക് സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു.