ദമ്പതികളും മകളും അടക്കം നാലുപേരെ കൊലപ്പെടുത്തി; ഏക മകനെ പൊലീസ് തിരയുന്നു

നന്തൻകോട്ട് കെ‍ാലചെയ്യപ്പെട്ട പ്രഫ. രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ. (ഇൻസെറ്റിൽ പൊലീസ് തിരയുന്ന കാഡൽ ജീൻസൺ രാജ)

തിരുവനന്തപുരം∙ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിലെ വീട്ടിൽ ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ ഏക മകൻ കാഡൽ ജീൻസൺ രാജയെ (30) കണ്ടെത്താനായില്ല. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നു കരുതുന്നു.

തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുൻവാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രി വീട്ടിൽനിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മകനുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളുടെ മൊബൈൽ വീട്ടിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കാഴ്ചവൈകല്യമുള്ള ലളിതയുടെ മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്തുനിന്നു രണ്ടു വെട്ടുകത്തി, രക്തം പുരണ്ട മഴു, ഒരു കന്നാസിൽ പെട്രോൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. തുണിയിലുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയിൽ കണ്ടെടുത്തു. ശനിയാഴ്ച 11ന് ആണു വീടിന്റെ മുകൾനിലയിൽ തീപിടിക്കുന്നതു നാട്ടുകാർ അറിഞ്ഞത്.

കാഡൽ ജീൻസൺ രാജ കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ടതാകാമെന്ന് ഐജി: മനോജ് ഏബ്രഹാം മാധ്യമങ്ങളോടു പറഞ്ഞു. വീട്ടുജോലിക്കെത്താറുള്ള സ്ത്രീയോട് അടുത്ത ദിവസങ്ങളി‍ൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്നു കാഡൽ അറിയിച്ചിരുന്നു. താൻ മാത്രമേ വീട്ടിൽ കാണുകയുള്ളൂ എന്നും ഭക്ഷണം പാകം ചെയ്ത് എത്തിച്ചാൽ മതിയെന്നുമാണു പറഞ്ഞിരുന്നത്.

അടുത്തു താമസിക്കുന്ന ജീൻ പദ്മയുടെ സഹോദരൻ ജോസിന്റെ വീട്ടിലാണു ജോലിക്കാരി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇത് എടുക്കാനായി എത്തിയ കാഡൽ ജീൻസന്റെ കാലി‍ൽ കഴിഞ്ഞ ദിവസം പൊള്ളിയ പാടുകളുണ്ടായിരുന്നെന്നു ജോസ് പറഞ്ഞു. മൂന്നു ദിവസം മുമ്പെങ്കിലും നാലുപേരെയും കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കൂട്ടിയിട്ടു കത്തിച്ചതാകാമെന്നാണു പൊലീസ് ഭാഷ്യം.

തീ നിയന്ത്രണാതീതമായപ്പോൾ ഇയാൾ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതാകാമെന്നും പൊലീസ് കരുതുന്നു. കാഡലിന്റേതെന്നു കരുതുന്ന ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജനറൽ ആശുപത്രിയിൽനിന്നു സ്വയം വിരമിച്ച ജീൻ പത്മ ഏതാനും വർഷം വിദേശത്തും, തിരിച്ചെത്തി ഒരു സ്വകാര്യ ആശുപത്രിയിലും ജോലിനോക്കിയിരുന്നു.

മാർത്താണ്ഡം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു രണ്ടു വർഷം മുമ്പാണു രാജ തങ്കം വിരമിച്ചത്. കരോലിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം മൂന്നു മാസം മുമ്പാണു നാട്ടിലെത്തിയത്.

ഓസ്‌ട്രേലിയയിൽ പഠനം നടത്തിയ കാഡൽ ജീൻസൺ 2009ൽ നാട്ടിലെത്തി. പിന്നീടു വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുകയായിരുന്നു. കൂട്ടുകാരുമൊത്തു ചെറിയ ബിസിനസ് ആരംഭിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതിനിടെ ജീൻ പത്മയ്ക്കു ബർമയിലെ ആശുപത്രിയിൽ ജോലി കിട്ടിയിരുന്നതായും മകളുമൊത്ത് അങ്ങോട്ടു പോകാനുള്ള തീരുമാനത്തെ കാഡൽ ജീൻസൺ എതിർത്തിരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.

ലളിത വഴുതക്കാട് അന്ധവിദ്യാലയത്തിലെ മുൻ അധ്യാപികയാണ്. നാലുപേരുടെയും സംസ്കാരം ഇന്ന് 11നു എൽഎംഎസ് പള്ളിയിൽ.