തുള്ളിയില്ല വെള്ളം; ട്രെയിൻ വരളുന്നു

കൊച്ചി ∙ റെയിൽവേ കോച്ചിങ് യാഡുകളിലെ ജലക്ഷാമം ട്രെയിനുകളെ വലയ്ക്കുന്നു. തിരുവനന്തപുരം, കൊച്ചുവേളി യാഡുകളിൽ ജല അതോറിറ്റിയിൽനിന്ന് ആവശ്യത്തിനു വെള്ളം ലഭിക്കാത്തതു കൂടുതൽ ട്രെയിനുകളെ ബാധിക്കുമെന്നു റെയിൽവേ അധികൃതർ.

വെള്ളമില്ലാത്തതിനെ തുടർന്നു വ്യാഴാഴ്ച രാത്രി തിരുവനന്തപുരം-നിസാമുദീൻ രാജധാനി എക്സ്പ്രസ് ആലപ്പുഴയിൽ പിടിച്ചിട്ടിരുന്നു. നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലൻഡ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവയിലും വെള്ളമില്ലെന്ന പരാതിയുണ്ട്. 

തിരുവനന്തപുരത്തു ജലക്ഷാമം രൂക്ഷമായതോടെയാണു റെയിൽവേക്കുള്ള ജലവിതരണം കുറച്ചതെന്നു ജല അതോറിറ്റി അധികൃതർ പറയുന്നു. വെള്ളം പാഴാകുന്നതു തടയാൻ റെയിൽവേ കേരളത്തിൽ വാട്ടർ റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ചിട്ടില്ല. കോട്ടയം, ആലുവ, ആലപ്പുഴ സ്റ്റേഷനുകളിൽനിന്നു വെള്ളം നിറയ്ക്കാനാണു നിർദേശമെങ്കിലും ഇവിടങ്ങളിൽ ജലലഭ്യത കുറവാണ്. 

സ്വകാര്യകമ്പനികളിൽനിന്നു വെള്ളം വാങ്ങാനും നിർദേശമുണ്ട്. തിരുവനന്തപുരത്തും ഷൊർണൂരും വാട്ടർ ട്രീന്റ്മെന്റ് പ്ലാന്റുകൾ ബജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. കോച്ചുകൾ വൃത്തിയാക്കുമ്പോൾ ജല ഉപയോഗം പകുതിയാക്കുന്ന ഹൈ പ്രഷർ ജെറ്റ് പമ്പുകൾ തിരുവനന്തപുരത്ത് ആവശ്യത്തിനില്ലാത്തതും പ്രശ്നമാണ്. 

പഴയ കിണറുകൾ നവീകരിക്കാനും കുഴൽക്കിണറുകൾ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാനും നിർദേശമുയർന്നിട്ടുണ്ട്. 

ഷൊർണൂരിൽ നാലു കുഴൽ കിണറുകളിലെ വെള്ളം കൊണ്ടാണു യാഡിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. മധുരയിൽ 50,000 ലീറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.