‘വാണാക്രൈ’ ആക്രമണം; കേരളത്തിൽ കർശന ജാഗ്രത

തിരുവനന്തപുരം∙ ‘വാണാക്രൈ’ സൈബർ ആക്രമണത്തെത്തുടർന്ന് സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിവിധ സർക്കാർ വകുപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററിൽനിന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് വെള്ളിയാഴ്ച ഐടി മിഷന് ലഭിച്ചു.

ഐടി മിഷൻ ഡാറ്റാ സെന്ററിന്റെ സൈബർ സുരക്ഷയും ശക്തമാക്കി. വിവിധ സർക്കാർ വകുപ്പുകൾ അവരുടെ വെബ്സൈറ്റുകളിൽ സൈബർ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ റാൻസംവെയർ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മിക്ക സർക്കാർ വകുപ്പുകളിലും ലിനക്സ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ആക്രമണഭീഷണി കുറവാണ്. ഇപ്പോഴും പല വകുപ്പുകളിലും മൈക്രോസോഫ്റ്റ് ലൈസൻസ് ഇല്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ആശങ്കയുണ്ട്.

വനംവകുപ്പിനു നേരെ മുൻപ് റാൻസംവെയർ ആക്രണം

തിരുവനന്തപുരം∙ റാൻസംവെയർ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിലാണ്. സാമ്പത്തിക ഇടപാ‌ടുകളുടെ വിവരങ്ങൾ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആർഎസ്എ 4096' എന്ന വൈറസ് ബാധിച്ചത്.

ഫയലുകൾ എല്ലാം ലോക്ക് ആയതിനെത്തുടർന്നാണ് ആക്രമണമാണെന്നു മനസ്സിലായത്. ഇവ തിരിച്ചുകിട്ടാൻ വലിയൊരു തുക നൽകണമെന്നായിരുന്നു മുന്നറിയിപ്പ്.

ഇമെയിലിനൊപ്പം അറ്റാച്ച്മെന്റ് ആയി വന്ന ഇമേജ് ഫയൽ ഡൗൺലോഡ് ചെയ്യാൻ ഒരു ജീവനക്കാരൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വലിയ തുക നൽകാൻ സാധിക്കാത്തതിനാൽ മറ്റു പോംവഴികളില്ലാതെ കംപ്യൂട്ടറുകളിലുണ്ടായിരുന്ന വിവരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു

മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം ∙ വാണാക്രൈ ആക്രമണം പ്രധാനമായും ആശുപത്രി ശൃംഖലകളെ ലക്ഷ്യം വച്ചുള്ളതായതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മുന്നറിയിപ്പ് നൽകി. അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ എന്നിവ തുറക്കാതെ നോക്കണമെന്നും സർക്കാർ നിർദേശം നൽകി.