സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ

ഹരിപ്പാട്ട് കൊല ചെയ്യപ്പെട്ട പുഷ്പകുമാരി.

ഹരിപ്പാട് ∙ വാക്തർക്കത്തെ തുടർന്നു സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാധവ ജംക്‌ഷനു സമീപത്തെ വീട്ടിൽ ഭരണിക്കാവ് പുത്തൻപുരയിൽ പടീറ്റതിൽ ഭാനുവിന്റെ മകൾ പുഷ്പകുമാരിയെ (43) ‌കൊലപ്പെടുത്തിയെന്ന കേസിൽ സുഹൃത്ത് കുമാരപുരം ശാന്താഭവനത്തിൽ വേണുവിനെയാണ് (39) അറസ്റ്റ് ചെയ്തത്. 

വിധവയായ പുഷ്പകുമാരിയും കെട്ടിട നിർമാണത്തൊഴിലാളിയായ വേണുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വേണു വേറെ വിവാഹിതനാണ്. മൃതദേഹം കുഴിച്ചുമൂടാൻ വേണു സഹായത്തിനു വിളിച്ചയാൾ തന്ത്രപരമായി പിന്മാറി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വാക്തർക്കത്തെ തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കിയ പുഷ്പകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു വേണു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.  പൊലീസ് നൽകിയ വിവരങ്ങൾ: മൊബൈൽ ഫോണിലൂടെയാണ് ഇരുവരും പരിചയത്തിലായത്.

വേണു വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ രണ്ട് ദിവസം മുൻപ് പുഷ്പകുമാരി ചെന്നു. ബുധനാഴ്ച രാത്രി പുഷ്പകുമാരിക്കു വന്ന ഫോൺ വിളി സംബന്ധിച്ചു തർക്കമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് വീണ്ടും തർക്കമുണ്ടായതിനെ തുടർന്നു ചുരിദാറിന്റെ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യുമെന്ന് പുഷ്പകുമാരി പറഞ്ഞു.

ഇതു കേട്ടപ്പോൾ താൻ തന്നെ അതു ചെയ്യാമെന്നു പറഞ്ഞു വേണു പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം കുഴിച്ചുമൂടുന്നതിനു പള്ളിപ്പാടുള്ള സുഹൃത്ത് മഹേഷിനെ വേണു വിളിച്ചു. കൊലപാതകമാണെന്നു മനസിലായതോടെ മഹേഷ് ഒഴിഞ്ഞു മാറി പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സംഘം എത്തിയപ്പോൾ വേണു വീട്ടിലുണ്ടായിരുന്നു. ഫെ‌ാറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവെടുത്തു. പൊലീസ് എറണാകുളം ഡപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.