യാത്രക്കാരോടു റെയിൽവേയുടെ തോന്ന്യാസം; ഒരു കോച്ചില്ല, എസിക്കു പകരം സ്ലീപ്പറും

ദുരിത നിറവ്: രണ്ടു ജനറേറ്റർ കാറുകളിലൊന്നു കേടായതിനെത്തുടർന്ന് എറണാകുളം– പുണെ എസി സ്പെഷൽ ട്രെയിനിന്റെ പിന്നിലെ ജനറേറ്റർ കാറിൽ ഡീസൽ നിറയ്ക്കുന്നു. 11 മണിക്കൂറോളം വൈകി എറണാകുളത്തെത്തിയ ട്രെയിൻ ജനറേറ്റർ കാർ തകരാർ മൂലം പിന്നെയും മണിക്കൂറുകൾ വൈകിയാണു മടക്കയാത്ര ആരംഭിച്ചത്.

കൊച്ചി ∙ റെയിൽവേയുടെ കെടുകാര്യസ്ഥതമൂലം യാത്രക്കാർ വഴിയാധാരമായി. വെളളിയാഴ്ച രാത്രി 8.15ന് എറണാകുളത്തു വന്നു രാത്രി 11.30നു തിരികെ പുണെയിലേക്കു പോകേണ്ട പുണെ-എറണാകുളം-പുണെ എസി സ്പെഷൽ (01323/01324) സൗത്ത് സ്റ്റേഷനിൽ എത്തിയതു 11 മണിക്കൂറോളം വൈകി ഇന്നലെ രാവിലെ 6.50ന്. മടങ്ങിയതാകട്ടെ 10.50നും. വൈകിയെത്തിയതിനു പുറമെ ട്രെയിനിൽ ഒരു കോച്ച് കുറഞ്ഞു. രണ്ട് എസി കോച്ചുകൾക്കു പകരം സ്ലീപ്പർ കോച്ചുകളുമായിരുന്നു. 

ട്രെയിനിൽ ബി 12 കോച്ചാണ് ഇല്ലാതിരുന്നത്. ബി 8, ബി 9 എസി കോച്ചുകൾക്കു പകരമായിരുന്നു സ്ലീപ്പർ കോച്ചുകൾ. ഇതറിയാതെ മടക്കയാത്രയ്ക്ക് എല്ലാ കോച്ചിലേക്കും റിസർവേഷൻ സീറ്റ് അനുവദിച്ചതോടെ ഇല്ലാതിരുന്ന കോച്ചിലെ യാത്രക്കാർ വഴിയാധാരമായി.

യാത്രക്കാർ ബഹളം കൂട്ടിയതോടെ തൃശൂരിൽ എത്തിയപ്പോൾ ഒഴിവുള്ള സീറ്റുകൾ നൽകിയാണു പ്രശ്നം പരിഹരിച്ചത്. എസി ടിക്കറ്റ് എടുത്തവർക്കു സ്ലീപ്പർ കോച്ച് നൽകിയതു യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തി. 

വെള്ളിയാഴ്ച രാത്രി 11.30നു പുണെയിലേക്കു യാത്ര പുറപ്പെടാൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി ഒട്ടേറെ യാത്രക്കാരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ട്രെയിൻ രാവിലെ മാത്രമേ പുറപ്പെടൂ എന്നറിഞ്ഞതോടെ പലരും ഹോട്ടലുകളിൽ മുറിയെടുത്തു.

മറ്റുള്ളവർ വെയിറ്റിങ് ഹാളിലും പ്ലാറ്റ്ഫോമിലും കുത്തിയിരുന്നു നേരം വെളുപ്പിച്ചു. 6.50നു ട്രെയിൻ വന്നെങ്കിലും ജനറേറ്റർ കാറുകളിലൊന്നു കേടായതോടെ ഇന്ധനം നിറയ്ക്കാൻ കഴിയാതെയായി. പിന്നീടു പത്തരയോടെ ട്രെയിൻ മുന്നോട്ടു നീക്കി പിന്നിലുള്ള ജനറേറ്റർ കാറിലാണു ഡീസൽ നിറച്ചത്. ഇതുമൂലം കേരള എക്സ്പ്രസ്, വേണാട് ട്രെയിനുകൾ ഏറെ വൈകി. 

മാസങ്ങൾക്കു മുൻപു ടിക്കറ്റ് ബുക്ക് ചെയ്തവരോടു റെയിൽവേ ചെയ്തതു വലിയ ക്രൂരതയാണെന്നു പൻവേൽ സ്വദേശി സുരേന്ദർ സിങ് പറഞ്ഞു. കോച്ചില്ലാത്ത വിവരം പുണെ ഡിവിഷൻ മുൻകൂട്ടി തങ്ങളെ അറിയിച്ചില്ലെന്നാണ് അധികൃതരുടെ വാദം.

ഇല്ലാത്ത കോച്ചുകളുടെ എണ്ണം ഇൻഗ്രേറ്റഡ് കോച്ച് മാനേജ്മെന്റ് സംവിധാനത്തിൽ പുണെയിലെ അധികൃതർ രേഖപ്പെടുത്തിയില്ല. ഇതറിയാതെയാണ് എല്ലാ കോച്ചുകളിലും സീറ്റ് അനുവദിച്ചതത്രെ. 

പുണെയിൽ നിന്നുള്ള തിരുനെൽവേലി, എറണാകുളം എസി സ്പെഷലുകൾക്ക് ഒരേ റേക്കാണ് ഉപയോഗിക്കുന്നത്. തിരുനെൽവേലി ട്രെയിൻ കഴിഞ്ഞ ദിവസം മീനാക്ഷീപുരത്തു പാളം തെറ്റിയിരുന്നു. അപകടത്തിൽപ്പെട്ട കോച്ചുകൾക്കു പകരം കണ്ടെത്താൻ റെയിൽവേയ്ക്കു കഴിയാഞ്ഞതാണു പ്രശ്നമായത്.