Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 വർഷമായി ലാബ് പരിശോധനയുടെ ഫലം കാത്ത് അങ്കണവാടികൾ

കോഴിക്കോട് ∙ സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്യേണ്ട ഭക്ഷണ പദാർഥങ്ങളുടെ സാംപിൾ ചെന്നൈയിലെ ഫുഡ് അനാലിസിസ് ലാബിൽ പരിശോധന നടത്തണമെന്ന കേന്ദ്ര നിർദേശം അനുസരിച്ചവർ കഴിഞ്ഞ രണ്ടു വർഷമായി പരിശോധനാ ഫലം കാത്തിരിക്കുന്നു.

ഇതിനിടെയാണ് സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാത്ത അങ്കണവാടികളെ പിടിക്കാൻ സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചു സാംപിൾ പരിശോധിച്ച് അതിന്റെ ഫലം വന്നതിനു ശേഷം ഭക്ഷണപദാർഥങ്ങൾ വിതരണം നടത്തിയാൽ മതിയെന്ന നിർദേശം അക്ഷരംപ്രതി അനുസരിച്ചാൽ സംസ്ഥാനത്തെ അങ്കണവാടികളിൽ ഭക്ഷണ വിതരണം മുടങ്ങും.

കേന്ദ്ര ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ബോർഡിന്റെ ഫുഡ് അനാലിസിസ് ലാബിൽ അനുപൂരക പോഷക പദ്ധതിയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളുടെ സാംപിൾ പരിശോധന നടത്തണമെന്നു കാട്ടി 2012 നവംബർ രണ്ടിനാണു കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു കത്തയച്ചത്.

കേന്ദ്ര സർക്കാരിന്റെ ഈ നിർദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും 2013 മാർച്ച് 26 ന് ഇതു നടപ്പാക്കണമെന്നു കാട്ടി സംസ്ഥാന സാമൂഹിക നീതി ഡയറക്ടർ‍ സംസ്ഥാനത്തെ ജില്ലാ സാമൂഹിക നീതി ഓഫിസർമാർക്കും പ്രോഗ്രാം ഓഫിസർമാർക്കും ശിശുവികസന പദ്ധതി ഓഫിസർമാർക്കും സർക്കുലർ അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ഭൂരിപക്ഷം അങ്കണവാടികളിൽ‍ നിന്നും സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഇതു കണ്ടെത്തിയതിനെ തുടർന്നു നിർദേശം കർക്കശമാക്കാൻ‍ സാമൂഹിക ക്ഷേമ വകുപ്പ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു.

എന്നാൽ സർക്കാരിന്റെ നിർദേശം അനുസരിച്ചു സാംപിൾ അയച്ച അങ്കണവാടികൾക്കു കഴിഞ്ഞ രണ്ടു വർഷമായി ഫലം ലഭിച്ചിട്ടില്ല. ആറുമാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികളെയാണ് അനുപൂരക പോഷക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ചെന്നൈയിലെ ലാബിൽ‍ അങ്കണവാടികളിൽ നിന്ന് അയയ്ക്കുന്ന സാംപിളുകൾക്ക് അവസാന പരിഗണനയാണു നൽകിയിട്ടുള്ളത്. കയറ്റുമതി ചെയ്യേണ്ട ഭക്ഷണപദാർഥങ്ങളുടെ പരിശോധനയാണു പ്രധാനമായും നടക്കുന്നത്.

ഈ സാഹചര്യത്തിൽ ഭക്ഷണപദാർഥങ്ങളുടെ വിതരണം പൂർത്തിയായി രണ്ടും മൂന്നും വർഷങ്ങൾക്കു ശേഷം ലഭിക്കുന്ന പരിശോധനാഫലത്തിന് എന്തു പ്രസക്തിയെന്നാണ് ഉദ്യോഗസ്ഥരും അങ്കണവാടി പ്രവർത്തകരും ചോദിക്കുന്നത്. 

related stories