ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേർത്തു; ചികിൽസ ഫലപ്രദമാകില്ലെന്നു ഡോക്ടർമാർ

തിരുവനന്തപുരം∙ ഗംഗേശാനന്ദ തീർഥപാദരുടെ (ശ്രീഹരി–54) ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേർത്തുവെങ്കിലും അതു ഫലപ്രദമാകില്ലെന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ.

ലൈംഗിക അതിക്രമത്തിനിടെ പെൺകുട്ടിയാണു ജനനേന്ദ്രിയം ഛേദിച്ചത്. അരമണിക്കൂർ കഴിഞ്ഞാണു ഗംഗേശാനന്ദയെ ആശുപത്രിയിൽ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും ഒപ്പം കൊണ്ടുവന്നു. സമയം വൈകിയതിനാൽ അറ്റുപോയ ഭാഗത്തെ രക്തം പൂർണമായി വാർന്നുപോയി. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. എന്നിട്ടും ഡോക്ടർമാർ അതു തുന്നിച്ചേർന്നു.

ഇന്നലെ നടന്ന പരിശോധനകളിലാണു തുന്നിച്ചേർത്ത ഭാഗം സജീവമാകുന്നില്ലെന്നു കണ്ടെത്തിയത്. ഇനി അതിനുള്ള സാധ്യത കുറവാണ്. പഴുപ്പോ മറ്റോ ഉണ്ടായാൽ അത് ഉപേക്ഷിക്കേണ്ടിവരും. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാമെന്നു ഡോക്ടർമാർ പറഞ്ഞു. ലൈംഗികചോദന ഉണ്ടാകുമ്പോൾ മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും.

രോഗംവന്നു ജനനേന്ദ്രിയം നീക്കം ചെയ്താൽ വൃഷ്ണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. ചികിൽസയിൽ കഴിയുന്ന ആളിന്റെ കൂടി സമ്മതത്തോടെയാണ് ഇതു ചെയ്യുന്നത്.

റിമാൻഡിലായ ഗംഗേശാനന്ദയെ ചികിൽസാർഥം മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലാണു പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നുണ്ട്. ജൂൺ മൂന്നുവരെയാണ് റിമാൻഡ്. ഇതിനകം ഗംഗേശാനനന്ദയുടെ ആരോഗ്യസ്ഥിതി മെച്ചമായാൽ ജയിലിലേക്കു മാറ്റും.