വീട്ടമ്മയുടെ മരണം; അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വെറ്റിലപ്പാറ ആലാപ്പാറ രാജൻ.

അരീക്കോട് ∙ മൂന്നു വർഷം മുൻപു ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു. വെറ്റിലപ്പാറ ആലാപ്പാറ ചെറിയരാമന്റെ മകൻ രാജനെ(38)യാണ് മഞ്ചേരി സിഐ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാജനും ഭാര്യ ശാന്തയും മൂന്നു പെൺമക്കളും ആലാപ്പാറയിൽ ഒരുമിച്ചായിരുന്നു താമസം. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജൻ ഭാര്യയുമായി വഴക്കിടുമായിരുന്നു. 2014 ജൂലൈ 14നു പുലർച്ചെ ഭക്ഷണമുണ്ടാക്കാൻ വൈകിയെന്ന് ആരോപിച്ചു ശാന്തയെ ക്രൂരമായി മർദിച്ചു.

വീട്ടിൽ സൂക്ഷിച്ച മണ്ണെണ്ണ ശാന്തയുടെ ദേഹത്ത് ഒഴിച്ച് അടുപ്പിനു സമീപത്തേക്കു തള്ളിയിട്ടു. ദേഹത്തു പടർന്ന തീ അണയ്ക്കാൻ വെള്ളമെടുക്കാനോടിയ ശാന്തയെ രാജൻ തടഞ്ഞു. പൊള്ളലേറ്റ ശാന്ത രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. സെപ്റ്റംബർ എട്ടിനു മരിച്ചു. സംഭവം നടക്കുമ്പോൾ പത്താം ക്ലാസിലായിരുന്ന മൂത്ത കുട്ടി സ്പെഷൽ ക്ലാസിനായി സ്കൂളിൽ പോയിരുന്നു.

ഒൻപതും നാലും വയസ്സുള്ള ഇളയകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ കുട്ടി സംഭവം നേരിൽകണ്ടിരുന്നു. പേടിമൂലം പുറത്തുപറഞ്ഞില്ല. മജിസ്ട്രേട്ടിനു മുന്നിൽ കുട്ടി മൊഴിനൽകി. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നിർദേശപ്രകാരം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ എസ്ഐ കെ.സിനോദ് നടത്തിയ അന്വേഷണത്തിലാണ് അച്ഛൻ അമ്മയെ കൊലപ്പെടുത്തിയ വിവരം കുട്ടി പറയുന്നത്.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ, ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.