സിപിഐ പാർട്ടി കോൺഗ്രസ് കേരളത്തിൽ

തിരുവനന്തപുരം∙ സിപിഐയുടെ അടുത്ത പാർട്ടി കോൺഗ്രസിനു കേരളം ആതിഥ്യം വഹിക്കും. കഴിഞ്ഞ തവണ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടും പിൻവാങ്ങിയ കേരളത്തിന് ഇത്തവണ അങ്ങനെ ഒഴി‍ഞ്ഞു മാറാനായില്ല. ജൂൺ 16 നു ഡൽഹിയിൽ ആരംഭിക്കുന്ന ദേശീയ നേതൃയോഗം വേദി അന്തിമമായി നിശ്ചയിക്കും.

സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി അടക്കമുള്ള കേന്ദ്രനേതാക്കൾ കേരളത്തിലുള്ളതിനാൽ ഇതു സംബന്ധിച്ച പ്രാരംഭചർച്ച നടക്കുന്നുണ്ട്. കൊല്ലം, തൃശൂർ, കൊച്ചി നഗരങ്ങളാണു പരിഗണനയിൽ. ഓഗസ്റ്റോടെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. അടുത്ത വർഷം ആദ്യമായിരിക്കും പാർട്ടി കോൺഗ്രസ്.

സമ്മേളനങ്ങളുടെ ഷെഡ്യൂളും ദേശീയ നേതൃയോഗത്തിൽ തീരുമാനിക്കും. സിപിഐയുടെ കഴിഞ്ഞ നിർവാഹകസമിതി യോഗത്തിൽ ദേശീയ സമ്മേളനം ഇവിടെയായിരിക്കുമെന്ന സൂചന നേതാക്കൾ നൽകിയിരുന്നു. കഴിഞ്ഞ തവണ കേരളം പിൻവാങ്ങിയതിനെത്തുടർന്നു പുതുച്ചേരിയാണ് ആതിഥ്യം വഹിച്ചത്.

പാർട്ടി കോൺഗ്രസിനു വേദിയൊരുക്കാൻ പറ്റിയ സ്ഥലമില്ലാത്ത പ്രതിസന്ധി നേതൃത്വം അതിനിടയിൽ നേരിടുകയും ചെയ്തു. ഇത്തവണ ഭരണം കൂടിയുള്ള സംസ്ഥാനമെന്ന നിലയിൽ കേരളം വേദിയൊരുക്കണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. സംസ്ഥാന സമ്മേളനവേദി കൂടി കണക്കിലെടുത്തായിരിക്കും പാർട്ടി കോൺഗ്രസ് എവിടെയാണെന്ന് അന്തിമമായി തീരുമാനിക്കുക.