സിപിഐ വിമർശനം മുന്നണിയെ ശക്തിപ്പെടുത്താൻ: സുധാകർ റെഡ്ഡി

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ചില നിലപാടുകളോടുള്ള സിപിഐയുടെ വിമർശനം ഇ‌ടതുമുന്നണിയെ ശക്തിപ്പെടുത്താനാണെന്നു പാർട്ടി ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. വിമർശനം സിപിഎമ്മിന് എതിരാണെന്ന വാദം തെറ്റാണ്.

സർക്കാരിനു പിഴവുകൾ സംഭവിക്കുമ്പോൾ അതു ചൂണ്ടിക്കാട്ടും. അതിന്റെ ഭാഗമായാണു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സിപിഐ അഭിപ്രായം പറഞ്ഞത്. സിപിഐയും സിപിഎമ്മും തമ്മിൽ ഗുരുതര അഭിപ്രായ ഭിന്നത ഉണ്ടെന്ന പ്രചാരണം ശരിയല്ല.

രാജ്യത്തു ബിജെപിവിരുദ്ധ മതേതര കൂട്ടായ്മയ്ക്കു സിപിഎം എതിരാണെന്ന വിമർശനം അംഗീകരിക്കാനാവില്ല. സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ എതിർചേരിയിലാണെങ്കിലും ദേശീയതലത്തിലെ പൊതുവിഷയങ്ങളിൽ ഒരുമിച്ചു നിൽക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം 17 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നു.

ഈ കൂട്ടായ്മ ബിജെപിയുടെ ജനവിരുദ്ധ–ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ഒരുമിച്ചു പോരാടും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും അഭിപ്രായൈക്യത്തിൽ എത്തുകയാണു പതിവ്. അതു സംഭവിക്കുമോയെന്നു കാത്തിരുന്നു കാണാം. കശ്മീരിൽ പ്രശ്നം രൂക്ഷമാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സുധാകർ റെഡ്ഡി കുറ്റപ്പെടുത്തി.