റാങ്ക് ലിസ്റ്റുകളുടെ കാലാവധി: പിഎസ്‌സി തീരുമാനം അന്യായമെന്ന് ഹൈക്കോടതി

കൊച്ചി∙ പിഎസ്‌സിയു‌ടെ ചില റാങ്ക് ലിസ്റ്റുകൾ മാത്രം ജൂൺ 30 വരെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശയും പിഎസ്‌സി തീരുമാനവും വിവേചനപരവും അന്യായവുമാണെന്നു ഹൈക്കോടതി. തുല്യ തൊഴിലവസരം സംരക്ഷിക്കേണ്ട പിഎസ്‌സിയുടെ സ്വേച്ഛാപരമായ നടപടി അനുവദിക്കാനാവില്ല.

14 ജില്ലകളിലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിലുള്ളവർക്കു ജൂൺ 30 വരെ കാലാവധി നീട്ടിക്കിട്ടാൻ അർഹതയുണ്ട്. ഒരിക്കൽ കാലാവധി നീട്ടിയതാണെന്ന കാരണത്താൽ ചില റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടതില്ലെന്ന പിഎസ്‌സി തീരുമാനത്തിനെതിരെ നെയ്യാറ്റിൻകര സ്വദേശി എൻ. ഗോപകുമാർ ഉൾപ്പെടെ കെഎസ്ഇബി മസ്ദൂർ ഉദ്യോഗാർഥികളാണു ഹർജി സമർപ്പിച്ചത്.

2013 സെപ്റ്റംബർ 30നു 14 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. 2016 സെപ്റ്റംബർ 30നു കാലാവധി തീരുമെന്നിരിക്കെ, സർക്കാർ ശുപാർശയെ തുടർന്ന് പിഎസ്‌സി ആറു മാസം കാലാവധി നീട്ടി. 2016 ജൂൺ 30നു പ്രാബല്യത്തിലുള്ളതും ഡിസംബർ 30നകം കാലാവധി തീരുന്നതുമായ ലിസ്റ്റുകളാണു നീട്ടിയത്. ലിസ്റ്റിന്റെ കാലാവധി നാലര വർഷം പൂർത്തിയായാലും തസ്തികയിൽ പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നാലും ലിസ്റ്റുകൾ ഇല്ലാതാകും.

പിന്നീട്, 2017 മാർച്ച് 31നകം കാലാവധി തീരുന്ന പട്ടികകൾ ജൂൺ 30വരെ നീട്ടാൻ 2016 ഡിസംബർ 29നു സർക്കാർ വീണ്ടും ശുപാർശ ചെയ്തു, ഡിസംബർ 31നു കാലാവധി തീരുന്ന പട്ടികകൾ ജൂൺ 30 വരെ നിലനിർത്തി പിഎസ്‌സി ഉത്തരവിറക്കി. നേരത്തെ കാലാവധി നീട്ടിക്കിട്ടിയ ലിസ്റ്റുകൾക്ക് ഇതു ബാധകമല്ലെന്ന വ്യവസ്ഥയാണു ഹർജിക്കാർ ചോദ്യം ചെയ്തത്. മനസ്സിരുത്താതെയും വസ്തുതകൾ പരിഗണിക്കാതെയും സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചെന്നു കോടതി കുറ്റപ്പെടുത്തി.

തൊഴിൽരഹിതരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനമാണു പിഎസ്‌സി. ഒരിക്കൽ കാലാവധി നീട്ടിയെന്ന കാരണത്താൽ ചിലർക്കു മാത്രം ആനുകൂല്യം നിഷേധിച്ചു. ഒരു ദിവസമോ ഒരു മാസമോ പോലും നീട്ടിക്കിട്ടിയ ലിസ്റ്റുകൾ ഇങ്ങനെ ഒഴിവാക്കപ്പെടുമെന്നു പിഎസ്‌സി ചിന്തിച്ചില്ല. ലിസ്റ്റിന്റെ കാലാവധി നാലരവർഷം കടക്കരുതെന്നും പുതിയ ലിസ്റ്റ് വരുന്നതോടെ ഇല്ലാതാകുമെന്നുമുള്ള വ്യവസ്ഥകളാണു പരമാവധി സാധ്യമായിരുന്നത്.

തിരഞ്ഞുപിടിച്ച് ചില ലിസ്റ്റുകൾ നീട്ടുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടിയാണ്. ഒരിക്കൽ നീട്ടിയതും ഡിസംബർ 31നു കാലാവധി തീരുന്നതുമായ ലിസ്റ്റുകളെ ഒഴിവാക്കിയതു ദുരുദ്ദേശ്യപരവും തുല്യനീതിയുടെ നിഷേധവുമാണ്. ലിസ്റ്റിന്റെ കാലാവധി നേരത്തേ മൂന്നു മാസം നീട്ടിയിട്ടുണ്ടെന്നല്ലാതെ മറ്റു വിശദീകരണമൊന്നും പിഎസ്‌സി നൽകുന്നില്ല. ഒരിക്കൽ കാലാവധി നീട്ടിയ ലിസ്റ്റുകൾ ഒഴിവാക്കാൻ സർക്കാർ ശുപാർശ ചെയ്യുമ്പോൾ അത് എന്തിനെന്നു പോലും പിഎസ്‌സി ചിന്തിച്ചില്ല. മറ്റു ലിസ്റ്റുകൾ ജൂൺ 30 വരെ നീട്ടി.

ഇത്തരം തീരുമാനം പിഎസ്‌സിയുടെ ചരിത്രത്തിൽ ആദ്യമാണെന്ന ആക്ഷേപം ആരും എതിർക്കുന്നില്ല. കഷ്ടപ്പെട്ടു ലിസ്റ്റിൽ ഇടംപിടിച്ചവരോടു വിവേചനം പാടില്ല. തുല്യനീതിയും തുല്യതൊഴിലവസരവും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കരുത്. കെഎസ്ഇബി മസ്ദൂർ തസ്തികകളിൽ 14 ജില്ലകളിലെ ലിസ്റ്റ് നിലനിൽക്കുമ്പോഴാണു കാലാവധി നീട്ടാൻ തീരുമാനമായതെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ഒരിക്കൽ വെറും മൂന്നു മാസം നീട്ടിക്കിട്ടിയെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാർ വാദിച്ചു.

മിനിമം വിദ്യാഭ്യാസം നിഷ്കർഷിക്കുന്ന തസ്തിക സർവീസിലെ താഴ്ന്ന ശ്രേണിയിലുള്ളതാണെന്നും പലർക്കും പ്രായം കടന്നുവെന്നും ബോധിപ്പിച്ചു. തദ്ദേശ, നിയമസഭാ, പാർലമെന്റ് തിര‍ഞ്ഞെടുപ്പു വേളകളിൽ നിയമന നിരോധനം നിലവിലുണ്ടായിരുന്നതും ശ്രദ്ധയിൽപ്പെടുത്തി.