സ്വാമി കേസിൽ യുവതിക്ക് പൊലീസ് സംരക്ഷണം

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽപ്പെട്ട യുവതിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. യുവതിയുടെ വീട്ടിൽ രണ്ടു വനിതാ സിവിൽ പൊലീസ് ഓഫിസർമാരാണു കാവൽ. ഗംഗേശാനന്ദയുടെ സഹായിയായ അയ്യപ്പദാസിൽനിന്നു ജീവനു ഭീഷണി ഉണ്ടെന്നു യുവതി ചൊവ്വാഴ്ച പേട്ട പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.

അയ്യപ്പദാസിന്റെ പ്രേരണപ്രകാരമാണു ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ ഫോൺ സംഭാഷണം കഴിഞ്ഞദിവസമാണു പുറത്തുവന്നത്. അതിനുശേഷമാണു ഗംഗേശാനന്ദയുടെ അനുയായിയായ അയ്യപ്പദാസിൽനിന്നു ജീവനു ഭീഷണിയുണ്ടെന്നു പരാതി നൽകിയത്.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന മുറയ്ക്കു പേട്ട പൊലീസ് സംരക്ഷണം പിൻവലിക്കും. തുടർന്നു സംരക്ഷണം നൽകണോയെന്നു ക്രൈംബ്രാഞ്ചാണു തീരുമാനിക്കേണ്ടത്. ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ് എടുത്തേക്കും.

ലൈംഗിക പീഡനത്തിനു ഗംഗേശാനന്ദയ്ക്കും ജനനേന്ദ്രിയം ഛേദിച്ചതിനു യുവതിക്കും എതിരെ കേസ് എടുക്കാനാണു സാധ്യത.