ദിലീപിന്റെ ‘ഇമേജ്’ തിരികെപ്പിടിക്കാൻ ‘സൈബർ ക്വട്ടേഷൻ’; പ്രചാരണ ഏജൻസിക്കെതിരെ നടപടി വരും

കൊച്ചി ∙ നടിയെ ഉപദ്രവിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ ക്രിമിനൽ കേസ് അന്വേഷണത്തിൽ പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങൾക്കുവേണ്ടി ‘സൈബർ ക്വട്ടേഷൻ’ ഏറ്റെടുത്ത പബ്ലിക്ക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനെതിരെ നിയമ നടപടിയുണ്ടാവും.

പൊലീസിന്റെ സൈബർ ഡോം വിഭാഗം തെളിവുകൾ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടായത്. 

അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകി. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. 

രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളിൽ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതിൽ ചില ദിലീപ് പോസ്റ്റുകൾക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകൾ സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.

പത്തിലധികം പുതിയ ഓൺലൈൻ പത്രങ്ങളും ദിലീപ് അനുകൂല വാർത്തകളുമായി സൈബർ ലോകത്തു സജീവമായി. ഇതിൽ വിദേശത്തു റജിസ്റ്റർ ചെയ്ത ഡൊമൈൻ ഐഡികളും (ഇന്റർനെറ്റ് വിലാസം) ഉൾപ്പെടുന്നു. 

എന്നാൽ, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങൾ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി പരിഗണിച്ച വേളയിൽ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാർഥികൾക്കുവേണ്ടി സൈബർ പ്രചാരണം ഏറ്റെടുത്ത ഈ ഏജൻസി എതിർ സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. 

അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിർമാതാക്കളും ഇതിനു പിന്നിലുണ്ട്. 

അറസ്റ്റ്, കേസ്, വിചാരണ എന്നിവയെക്കാൾ ദിലീപിന്റെ അനുയായികളെ ആശങ്കപ്പെടുത്തുന്നതു നടന്റെ താരമൂല്യത്തിലുണ്ടായ ഇടിവാണ്. ഇത് ഏതുവിധേനെയും പരിഹരിക്കാനാണു ശ്രമം. കുറ്റവാളിയാണെന്നു കോടതി കണ്ടെത്തിയാൽ ശിക്ഷിക്കട്ടെയെന്നും മാധ്യമവാർത്തകൾ നിർത്തണമെന്നുമുള്ള ആവശ്യമാണു പ്രധാനമായും ഉന്നയിക്കുന്നത്. 

ഭാഷയിലും പ്രചാരണത്തിലുമുണ്ട് പ്രഫഷനൽ ടച്ച്. ദിലീപ് ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള ഒരുപാടു പേരെ സഹായിച്ചിട്ടുണ്ടെന്നുള്ള തരത്തിലും പ്രചാരണമുണ്ട്. നടന് അനുകൂലമായി പ്രതികരിച്ച ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരുടെ അഭിപ്രായങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുമുണ്ട്. 

നടനെ എതിർത്തു രംഗത്തുവന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം വിളിച്ചു പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി.  ദിലീപിനെതിരെ പോസ്റ്റിട്ട യുവ നടന്റെ ഫെയ്സ്ബുക് പേജിൽ അസഭ്യവർഷം നടത്തിയതിനെത്തുടർന്നു നടൻ നിലപാട് മയപ്പെടുത്തിയിരുന്നു. 

കേസിന്റെ തുടക്കത്തിൽ ദിലീപിനെതിരെ തുടർച്ചയായി വാ‍ർത്തകൾ നൽകിയ ചില ഓൺലൈൻ വാർത്താ പോർട്ടലുകളെ നിശബ്ദരാക്കിയിട്ടുമുണ്ട്.  ദിലീപിനെ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങിയേക്കും എന്ന തരത്തിൽ ചില പോർട്ടലുകൾ വാർത്ത നൽകുകയും ചെയ്തു.

ഈ കേസുമായി ബന്ധപ്പെട്ടു സ്ഥിരം ചർച്ചകൾ നടത്തുന്ന ചാനലുകളുടെ ഓഫിസിലേക്കു ഫോൺ ചെയ്തു കോളുകൾ റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കുന്നതാണു മറ്റൊരു തന്ത്രം. ദിലീപിനെതിരായ മാധ്യമവാർത്തകളിൽ ജനങ്ങൾക്കു കടുത്ത പ്രതിഷേധമുണ്ടെന്ന രീതിയിൽ സംസാരിച്ചാണു കോൾ റെക്കോർഡ് ചെയ്യുന്നത്. 

ദിലീപിനൊപ്പം നിൽക്കുക എന്ന പേരിൽ ഫെയ്സ്ബുക് പേജും തുടങ്ങിയിട്ടുണ്ട്.  ദിലീപുമായി വിവാഹബന്ധം വേർപെടുത്തിയശേഷം ആദ്യമായി സിനിമയിൽ അഭിനയിച്ചപ്പോൾ മഞ്ജു വാരിയർക്കെതിരെയും ഇത്തരത്തിൽ സംഘടിതമായ സൈബർ പ്രചാരണമുണ്ടായിരുന്നു.