ബിജെപി കോഴ: സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് കെ. മുരളീധരന്‍

കോഴിക്കോട്∙ മെഡിക്കൽ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ ബിജെപി നേതാക്കൾ കോഴ വാങ്ങിയ ആരോപണത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ. മുരളീധരൻ എംഎൽഎ.

സംഭവത്തിൽ അഖിലേന്ത്യ നേതാക്കൾകൂടി ഉൾപ്പെട്ടതിനാൽ സിബിഐ അന്വേഷണം ഫലപ്രദമാകില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ഹൈക്കോടതി സിറ്റിങ് ജഡ്ജി നടത്തേണ്ടത്. പാർട്ടി പ്രവർത്തകന്റെ വീട്ടിൽ നിന്നു കള്ളനോട്ട് ഉണ്ടാക്കുന്ന യന്ത്രം കണ്ടെത്തിയതു മുതൽ ബിജെപി സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.

ചോർച്ചയിൽ സുഭാഷിന് പങ്കില്ലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം∙ പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്നതു ബിജെപി സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് വഴിയാണെന്ന ആരോപണം തള്ളി മുൻ അധ്യക്ഷൻ വി.മുരളീധരൻ.

സുഭാഷ് വഴിയാണു ചോർന്നതെന്ന ആരോപണം വിശ്വസിക്കുന്നില്ല. പാർട്ടിക്കു വേണ്ടി ജീവിതം മുഴുവൻ മാറ്റിവച്ചയാളാണു സുഭാഷ്. വിനോദിനെതിരെ നടപടിയെടുത്തുകഴിഞ്ഞു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇന്നു സംസ്ഥാന കമ്മിറ്റിയിൽ അറിയാനാകുമെന്നും മുരളീധരൻ പറഞ്ഞു.

തന്റെ ഇ മെയിൽ വഴിയാണു റിപ്പോർട്ട് ചോർന്നതെന്ന ആരോപണം പാർട്ടി സെക്രട്ടറിയും അന്വേഷണ കമ്മിഷൻ അംഗവുമായ എ.കെ. നസീർ നിഷേധിച്ചു. മാധ്യമങ്ങളിൽ വന്നതു തങ്ങൾ ഒപ്പിട്ടു സംസ്ഥാന അധ്യക്ഷനു നേരിട്ടു സമർപ്പിച്ച റിപ്പോർട്ടാണ്. മെയിലിൽ അയച്ചത് ഒപ്പിടാത്ത റിപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നസീറിന്റെ ഇ മെയിലിൽനിന്ന് റിപ്പോർട്ടിന്റെ പകർപ്പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഇ മെയിലിലേക്ക് അയച്ചുവെന്നാണു പാർട്ടി നേതൃത്വത്തിന്റെ കണ്ടെത്തൽ. ഇതാണു പിന്നീടു മാധ്യമങ്ങൾക്കു ലഭിച്ചതെന്നാണു നേതൃത്വം കരുതുന്നത്. നസീർ നേരിട്ടു ചോർത്തിയതാണോ മറ്റു നേതാക്കളുടെ താൽപര്യപ്രകാരം ചെയ്തതാണോ എന്ന കാര്യവും സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നുണ്ട്.