സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കർശനമായി നേരിടും: മുഖ്യമന്ത്രി

ന്യൂഡൽഹി ∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചുകെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലെ കുറിപ്പിൽ വ്യക്തമാക്കി.

എം.വിൻസന്റിനെതിരെ പരാതി ലഭിച്ച ഉടൻതന്നെ വനിതാ െഎ‌പി‌എസ് ഓഫിസറെ അന്വേഷണച്ചുമതല ഏൽപിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരുടെ അന്വേഷണം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് എം‌എൽ‌എയെ അറസ്റ്റ് ചെയ്തതെന്നും പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ട് എന്ന ബോധം സ്ത്രീകളിൽ വളരുന്നതു നല്ലതാണ്. അത്തരം സുരക്ഷാബോധമാണു പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബി‌ജെ‌പിയുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജ് കോഴ വിവാദത്തിലും അന്വേഷണം അതിന്റെ വഴിക്കു നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.