അസുഖം ഭേദമായി പോകാനിരുന്ന യുവാവ് ആശുപത്രിക്കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

കോഴിക്കോട് ∙ അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടാനിരുന്ന യുവാവ് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണു മരിച്ചു. മാവൂർ റോഡ് നാഷനൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എരഞ്ഞിക്കൽ പൂമക്കോത്ത് പരേതനായ അബ്ദുൽ ലത്തീഫിന്റെ മകൻ ജലീഷ് (28) ആണു മരിച്ചത്. നടക്കാവ് സൺ ബിസിനസ് കോർപറേഷനിലെ എൻജിനീയറാണ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മഞ്ഞപ്പിത്തബാധയെത്തുടർന്നു ജലീഷ് ചികിത്സയിലായിരുന്നു. അഞ്ചാം നിലയിലെ 516 –ാം നമ്പർ മുറിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

ഇന്നലെ രാവിലെ മുറി ശുചീകരിക്കാൻ ആളെത്തിയപ്പോൾ ജലീഷ് ബാൽക്കണിയിലേക്കു മാറി നിന്നതായിരുന്നു. അവിടെ നിന്നാണ് വീണത്. അപ്പോൾ മാതാവ് റസിയ മുറിയിലുണ്ടായിരുന്നു. കാൽ വഴുതിയതാണെന്നു കരുതുന്നു. സഹോദരങ്ങൾ: ജവഹർബാബു, ജസീന.