നടിയെ ഉപദ്രവിച്ച കേസ്: കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ

അങ്കമാലി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിലാക്കി (ഇൻ ക്യാമറ) മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഉപദ്രവിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതു തടയാനായി പ്രോസിക്യൂഷന്റെ അപേക്ഷയെ തുടർന്നാണ് ഈ നടപടി. 

പ്രതികൾ ചെയ്ത കൃത്യങ്ങളും പുറംലോകം അറിയുമെന്നതിനാൽ പ്രതിഭാഗവും ഈ നീക്കത്തെ പിന്തുണച്ചു. ഇരയുടെ അഭിമാനവും സുരക്ഷയും മുൻനിർത്തിയാണ് ഇൻ ക്യാമറ നടപടി ആവശ്യപ്പെട്ടതെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ഇതുവരെ തുറന്ന കോടതിയിൽ പരിഗണിച്ചിരുന്ന ജാമ്യഹർജികളും ഇന്നലെ മുതൽ അടച്ചിട്ട മുറിയിലാക്കി.

മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. 28നു വിധിപറയും. മാനഭംഗശ്രമം നടത്തിയെന്ന കുറ്റം മാത്രമാണു സുനിലിനെതിരെ ആരോപിക്കാൻ കഴിയുകയുള്ളൂവെന്നും പ്രതി ഇനിയും കസ്റ്റഡിയിൽ തുടരുന്നതു നീതിയല്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.