കെ. മഹേശ്വരിയമ്മ നിര്യാതയായി

അമ്പലപ്പുഴ ∙ ആർഎസ്പി മുൻ അഖിലേന്ത്യാ സെക്രട്ടറിയും പാർലമെന്റ് അംഗവുമായിരുന്ന എൻ.ശ്രീകണ്ഠൻ നായരുടെ ഭാര്യ അമ്പലപ്പുഴ ജാനകീസദനത്തിൽ കെ.മഹേശ്വരിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് അമ്പലപ്പുഴ ജാനകീസദനത്തിലെ ശ്രീകണ്ഠൻ നായർ സ്മൃതിമണ്ഡപത്തിനു സമീപം.

സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.കുഞ്ചുപിള്ളയുടെയും ചെല്ലമ്മയുടെയും മകളായി 1929 സെപ്റ്റംബർ നാലിന് ആലപ്പുഴ കരുമാടിയിലാണു ജനനം. 1948 ജൂൺ 25ന് എൻ.ശ്രീകണ്ഠൻ നായരുമായി വിവാഹം. 1952 മുതൽ സ്ത്രീകളുടെ ക്ഷേമത്തിനായി വിവിധ സംഘടനകളിലും സമിതികളിലും പ്രവർത്തിച്ചു. 1988 ൽ സിപിഐയിൽ അംഗത്വമെടുത്ത മഹേശ്വരിയമ്മ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. 

നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ദേശീയ സമിതി അംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, സംസ്ഥാന സാമൂഹികക്ഷേമ അഡ്വൈസറി ബോർഡ് അംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അമ്പലപ്പുഴ ഗ്രാമപ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാൻഫെഡ് ജില്ലാ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു. ‘മഹാമേരുക്കളുടെ നിഴലിൽ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. മക്കളില്ല.

സഹോദരങ്ങൾ: മുൻ എംഎൽഎയും ആർഎസ്പി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.കെ.കുമാരപിള്ള, മീനാക്ഷിയമ്മ, വിജയമ്മ (എല്ലാവരും പരേതർ), കൃഷ്ണകുമാരി.