200 മെഗാവാട്ട് ലഭിച്ചു; വൈദ്യുതി പ്രതിസന്ധി നീങ്ങി

തിരുവനന്തപുരം∙ പവർ എക്സ്ചേഞ്ചിൽ നിന്ന് 200 മെഗാവാട്ട് ലഭ്യമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ല. ഉൽപാദനം വർധിച്ചതു മൂലം തമിഴ്നാട് കേന്ദ്രത്തിനു തിരികെ നൽകിയ വൈദ്യുതി ഇന്നലെയും ലഭ്യമായിരുന്നുവെങ്കിലും അത് കേരളം എടുത്തില്ല.

വെള്ളിയാഴ്ച ഈ വൈദ്യുതി എടുത്തിരുന്നു. വില നോക്കി മാത്രമെ ഈ വൈദ്യുതി എടുക്കൂ എന്നു വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ആന്ധ്രയിലെ ഗജു വാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാർ പരിഹരിച്ചതിനാൽ കേന്ദ്ര വൈദ്യുതി ലഭ്യതയ്ക്കുള്ള തടസ്സം പൂർണമായും നീങ്ങി.

രാമഗുണ്ടം നിലയത്തിലെ കൽക്കരി ക്ഷാമം മൂലമുള്ള പ്രശ്നവും പരിഹരിച്ചു. സിംഹാദ്രി, താൽച്ചർ നിലയങ്ങളിൽ പ്രശ്നം തുടരുന്നതിനാൽ 50 മെഗാവാട്ടിന്റെ കുറവുണ്ട്. ഇടുക്കിയിൽ പീക്ക് ലോഡ് സമയത്ത് അഞ്ചു ജനറേറ്ററുകളും ഓടിക്കുന്നുണ്ട്. ഒരു ജനറേറ്റർ അറ്റകുറ്റപ്പണിയിലാണ്.