മന്ത്രിയെ അധിക്ഷേപിച്ചതിന് സസ്പെൻഷനിലായ കെഎസ്ഇബി ജീവനക്കാരന്റെ വീട് ആക്രമിച്ചു

തൃക്കരിപ്പൂർ∙ മന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ ജീവനക്കാരന്റെ വീട് ആക്രമിച്ചു. സംഭവത്തിനു പിന്നിൽ സിപിഎമ്മെന്ന് ആരോപണം. അക്രമം നാടകമെന്ന് സിപിഎമ്മും. ചെറുവത്തൂർ 110 കെവി സബ് സ്റ്റേഷനിൽ മസ്ദൂർ ജീവനക്കാരനായ പി.കെ.സുഗുണന്റെ പടന്ന ഓരിയിലെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രി അക്രമം നടത്തിയത്.

കല്ലെറിയുകയും ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. അക്രമം നടക്കുമ്പോൾ അമ്മയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മന്ത്രി എം.എം.മണിയെ ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലു ദിവസം മുൻപ് വൈദ്യുതി ബോർഡ് ചീഫ് എൻജിനീയറുടെ നിർദേശ പ്രകാരം സുഗുണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റി അംഗമായ സുഗുണൻ, സസ്പെൻഷൻ നടപടി അകാരണമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച ദിവസമാണ് അക്രമം. ചന്തേര പൊലീസ് എസ്ഐ കെ.വി.ഉമേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

അക്രമം നടത്തിയത് സിപിഎമ്മാണെന്നും സുഗുണനെതിരെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണ് സിപിഎമ്മെന്നും കോൺഗ്രസ്–ഐഎൻടിയുസി നേതാക്കൾ ആരോപിച്ചു. അതേ സമയം അക്രമം നടത്തിയെന്നു വരുത്തി സഹതാപം പിടിച്ചു പറ്റാൻ നടത്തിയ നാടകം മാത്രമാണിതെന്ന് സിപിഎം പടന്ന ലോക്കൽ കമ്മിറ്റി ആരോപിച്ചു.