വിനായകന്റെ ആത്മഹത്യ: അന്വേഷണം സംബന്ധിച്ച് ഉറപ്പ് കി‌ട്ടിയെന്നു ഡിഎച്ച്ആർഎം

വിനായകൻ (ഫയൽചിത്രം)

തിരുവനന്തപുരം∙ വിനായകൻ ആത്മഹത്യ ചെയ്ത സംഭവം ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ ഉറപ്പുനൽകിയതായി ഡിഎച്ച്ആർഎം അറിയിച്ചു. പാവറട്ടി പൊലീസ് സ്‌റ്റേഷൻ എസ്ഐക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കും.

കുടുംബാംഗങ്ങളിൽ ഒരാൾക്കു സർക്കാർ ജോലി നൽകും. കുടുംബത്തിനു സാമ്പത്തിക സഹായവും നൽകും. തുടർന്നു മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചു. മന്ത്രി എ.കെ.ബാലന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ ഡിഎച്ച്ആർഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി.

തുടർന്നായിരുന്നു ചർച്ച. ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം, വർക്കിങ് പ്രസിഡന്റ് സജി കൊല്ലം, വൈസ് പ്രസിഡന്റ് അജയൻ പുളിമാത്ത് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി എ.കെ.ബാലൻ ഇന്നു വിനായകന്റെ വീട് സന്ദർശിക്കും.