വൈദ്യുതി അപകട മരണം: കർശന നടപടിയെന്നു ബോർഡ് ചെയർമാൻ

തിരുവനന്തപുരം∙ വൈദ്യുതാഘാതം മൂലമുള്ള മരണങ്ങളിൽ ഉത്തരവാദികൾക്കെതിരെ വൈദ്യുതി ബോർഡ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം അപകടങ്ങളുടെ അന്വേഷണച്ചുമതല കലക്ടറെയോ എഡിഎമ്മിനെയോ ഏൽപിക്കുന്നതു പരിഗണനയിലാണെന്നും ബോർഡ് ചെയർമാൻ ഡോ. കെ.ഇളങ്കോവൻ. നിഷ്പക്ഷ അന്വേഷണം നടക്കണമെന്നതിനാലാണിത്. കഴിഞ്ഞ മൂന്നരവർഷം കൊണ്ട് 401 പേർ മരിച്ചുവെന്ന മനോരമ വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എവിടെയെങ്കിലും അപകടം നടന്നാലുടൻ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. അപകട സാഹചര്യം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. താൻ ചെയർമാനായ ശേഷം, ഓരോ അപകട മരണത്തിനു ശേഷവും ഡെത്ത് ഓഡിറ്റ് നടത്തി ഉത്തരവാദികളെ കണ്ടെത്താൻ തീരുമാനിച്ചു. അപകട മരണങ്ങളും അതു തടയാനുള്ള നടപടികളുമാണ് എല്ലാ ബോർഡ് യോഗങ്ങളുടെയും അജൻഡയിലെ മുഖ്യ ഇനം. സംസ്ഥാനത്താകെ 2.8 ലക്ഷം കിലോമീറ്റർ വൈദ്യുതി ലൈനുണ്ട്.

പഴക്കം ചെന്ന അലുമിനിയം ലൈൻ മാറ്റി സ്റ്റീൽ കൂടി ചേർത്തു നിർമിച്ച ലൈനുകൾ വലിച്ചു കൊണ്ടിരിക്കുകയാണ്. മരക്കൊമ്പുകൾ മുറിച്ചു മാറ്റാൻ നാട്ടുകാർ സമ്മതിക്കാത്തതു മൂലം മരവും കൊമ്പും വീണു ലൈൻ പൊട്ടുന്നതു പതിവാണ്. ഇക്കാര്യത്തിൽ ബോധവൽക്കരണം അത്യാവശ്യമാണ്. ഇരുമ്പുതോട്ടി കുരുങ്ങിയുള്ള മരണം തടയാനും ബോധവൽക്കരണം വേണം. വൈദ്യുതി അപകടങ്ങൾക്കെതിരെ ചലച്ചിത്ര താരങ്ങളുടെ സഹകരണത്തോടെ ദൃശ്യമാധ്യമങ്ങളിലൂടെ വൻ പ്രചാരണമാണു നടത്തുന്നത്. സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ ജീവനക്കാർക്കിടയിലും കരാർത്തൊഴിലാളികൾക്കിടയിലും നടത്തുന്നുണ്ട്. സർക്കിൾതലം മുതൽ മുകളിലേക്കുള്ള സുരക്ഷാ സമിതികൾ കൂടുതൽ ശക്തമാക്കുമെന്നും ഇളങ്കോവൻ അറിയിച്ചു.