Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവ കൂട്ടക്കൊല: സുപ്രീം കോടതി നിർദേശം പാലിച്ചില്ലെന്ന് പ്രതി

political-murder-1

ന്യൂഡൽഹി∙ ആലുവ കൂട്ടക്കൊല കേസിൽ വിചാരണക്കോടതി പരിഗണിച്ച എല്ലാ രേഖകളുടെയും പകർപ്പ് പരിഭാഷ ചെയ്‌തു ലഭ്യമാക്കണമെന്ന നിർദേശം സംസ്‌ഥാന സർക്കാർ പൂർണമായി നടപ്പാക്കിയില്ലെന്നാരോപിച്ച് ഏക പ്രതി എം.എ.ആന്റണി സുപ്രീം കോടതിയിൽ ഇടക്കാല അപേക്ഷ നൽകി.

രേഖകളെല്ലാം ലഭ്യമാക്കാൻ കഴിഞ്ഞ നവംബർ 21ന് ആണു കോടതി നിർദേശിച്ചത്. ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കിയിട്ടില്ലെന്ന് അപേക്ഷയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വധശിക്ഷയ്‌ക്കെതിരായ ആന്റണിയുടെ പുനഃപരിശോധനാ ഹർജി പരസ്യവാദത്തിനു പരിഗണിക്കാൻ കഴിഞ്ഞ വർഷം മേയിൽ കോടതി തീരുമാനിച്ചിരുന്നു.

വധശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ കോടതി പരസ്യമായി വാദം കേട്ടു തീർപ്പാക്കണമെന്നു കഴിഞ്ഞ വർഷം സെപ്‌റ്റംബർ രണ്ടിനു മുഹമ്മദ് ആരിഫ് കേസിൽ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്‌ചാത്തലത്തിൽ ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ ആന്റണി വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.