Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍? ചുവരിലെ രക്തം കൊണ്ടുളള അമ്പും വില്ലും? ചോദ്യങ്ങൾ ബാക്കി

Aluva Murder Case | Antony

ആലുവ∙ ഒരു കുടുംബത്തിലെ ആറു പേരെ അതിദാരുണമായി കൊലപ്പെടുത്തിയ ആലുവ മാഞ്ഞൂരാൻ കൊലക്കേസ് നടന്നിട്ട് 17ാം വർഷമാണു നിയമപോരാട്ടം അന്തിമഘട്ടത്തിലേക്കു കടക്കുന്നത്. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ഇന്നലെ ജീവപര്യന്തമായി കുറച്ചിരുന്നു. ജസ്റ്റിസ് മദന്‍ ബി. ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും ഇത്രനാളുകൾക്കുശേഷവും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല.

Aluva Murder Case | Antony

ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. കുടുംബനാഥനായ അഗസ്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിനു കൃത്യമായ തെളിവില്ലെന്നും സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.

രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണു സുപ്രീംകോടതി ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്. അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.

നഗരമധ്യത്തിലെ മാഞ്ഞൂരാന്‍ വീട്ടിലായിരുന്നു പാതിരാത്രി ഈ ക്രൂരകൃത്യം അരങ്ങേറിയത്. വ്യാപാരിയായിരുന്ന മാഞ്ഞൂരാന്‍ അഗസ്റ്റിന് എടുത്തുപറയാന്‍ ശത്രുക്കളുണ്ടായിരുന്നില്ല. എങ്കിലും അഗസ്റ്റിന്റെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിക്കൊണ്ടായിരുന്നു ആ കൊടുംപാതകം പൂര്‍ത്തിയായത്. കോടികളുടെ ആസ്തികള്‍ അനുഭവിക്കാന്‍ ഒരാളെപോലും ബാക്കിവയ്ക്കാതെ നടത്തിയ കൊലപാതക പരമ്പരയുടെ പൊരുള്‍തേടിയ പൊലീസും വിധിയെഴുതിയ കോടതികളും ആന്റണിയെന്ന ഏകപ്രതിയില്‍ ഉറച്ചു നില്‍ക്കുമ്പോഴും നാട്ടുകാരുടെ അമ്പരപ്പിന് ഇന്നും അറുതിവന്നിട്ടില്ല.

Aluva Murder Case | Antony

ആന്‍റണിയുടെ ദാരിദ്ര്യപശ്ചാത്തലം കൂട്ടക്കൊലപാതകത്തിനു കാരണമാണെന്നതു കാണാതിരിക്കാനാകില്ല. വിദേശത്തു ജോലിക്കു പോകാനും കടം വീട്ടാനുമാണ് ആന്‍റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്കു വീഴ്ച പറ്റിയെന്നു പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്. 2001ലെ കേസില്‍ കോടതി നടപടികള്‍ക്ക് അന്തിമതീര്‍പ്പുണ്ടാകാന്‍ 17 വര്‍ഷം വരെ നീണ്ടു. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ കാലോചിതമായ പരിഷ്കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല.

1) ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ്?
2) കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.
3) സ്ഥലത്ത് രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല.
4) കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്നു പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍.

aluva-murder-paper-cutting-1

നേരിട്ടു തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചത്. ആന്‍റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍‌നിന്നു കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്‍റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു. പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്കു പോകാന്‍ വിമാന ടിക്കറ്റെടുത്തതും തെളിവായി.

2001 ജനുവരി ആറിന് രാത്രി പത്തിനു തുടങ്ങിയ കൊലപാതക പരമ്പര മൂന്നുമണിക്കൂര്‍ എടുത്താണു പൂര്‍ത്തിയാക്കിയതെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം അഗസ്റ്റിന്‍റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്കു പോയിരുന്ന അഗസ്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്‍റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.

related stories