ഗംഗേശാനന്ദ വീണ്ടും ജാമ്യ ഹർജി നൽകി

കൊച്ചി∙ പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ ഹൈക്കോടതിയിൽ വീണ്ടും ജാമ്യ ഹർജി നൽകി. 17നു പരിഗണിക്കും. കേസിൽ സ്വാമി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തിൽ നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വീണ്ടും ഹർജി സമർപ്പിച്ചത്.

നിയമ വിദ്യാർഥിനിയായ പെൺകുട്ടിയെ സ്വാമി ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെൺകുട്ടി കഴിഞ്ഞ മേയ് 19 നു സ്വാമിയെ തിരിച്ചാക്രമിച്ചെന്നുമാണു പൊലീസ് കേസ്. സംഭവത്തെത്തുടർന്നു ഗുരുതരമായി പരുക്കേറ്റ സ്വാമിയെ പൊലീസെത്തിയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇപ്പോൾ സ്വാമിയുടെ വാദം. ആദ്യ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞാണു പെൺകുട്ടി സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ, നേരത്തെ സ്വാമി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയെത്തുടർന്നാണു സ്വാമിക്കെതിരെ പൊലീസ് കേസെടുത്തത്.