ബിബിൻ വധക്കേസ്: രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരൂർ / എടപ്പാൾ ∙ ബിബിൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടു പ്രതികളും പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ എടപ്പാളിലെ വീട്ടിൽ തെളിവെടുപ്പിനുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കിയപ്പോഴാണു പത്തു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

തൃപ്രങ്ങോട് പരപ്പേരിയിലെ യുവാവാണു കേസിലെ മുഖ്യപ്രതിയെന്നു പൊലീസിനു വിവരം കിട്ടിയതായി സൂചനയുണ്ട്. കൊലപാതകത്തിൽ ആറുപേർക്കു നേരിട്ടു പങ്കുള്ളതായും വിവരം. പ്രതികളായ പറവണ്ണ തലേക്കര വീട്ടിൽ തുഫൈൽ, പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ എന്നിവരെ എടപ്പാളിലെ ശുകപുരത്തുള്ള വീട്ടിൽ എത്തിച്ചാണ് തിരൂർ സിഐ എം.കെ.ഷാജിയുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചത്. വീട്ടിൽനിന്ന് ഇരുമ്പ് വടികളും ഷൂസും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിബിൻ വധം സംബന്ധിച്ച് ഗൂഢാലോചന നടത്തിയത് എടപ്പാളിലെ വീട്ടിൽ വച്ചാണ്.

ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളെ ഇന്നലെ ചോദ്യം ചെയ്തതിൽനിന്ന് കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള ആറുപേരെക്കുറിച്ചും വിവരം ലഭിച്ചു. ഇതിൽ മൂന്നുപേർ പൊലീസ് വലയിലായതാണ് വിവരം. മറ്റു മൂന്നുപേർ ഒളിവിലാണ്. കുറ്റിപ്പുറം, പൊന്നാനി, നരിപ്പറമ്പ് എന്നിവിടങ്ങളിൽ വച്ചും ഗൂഢാലോചന നടത്തിയതായി പ്രതികൾ അറിയിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ഇന്നും തെളിവെടുപ്പു തുടരും. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.