ശ്രീപത്മനാഭ സ്വാമി ദർശനത്തിന് അമിത് ഷായുടെ പത്നിയും സംഘവും

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പത്നി സോനാൽ ഷാ(മഞ്ഞ സാരി) തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു പുറത്തേക്കു വരുന്നു. ബിജെപി നേതാവ് വി.മുരളീധരൻ, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സുഷമാ സാഹു തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ ബിജെപിയുടെ വിജയത്തിനായി പ്രാർഥിക്കാൻ ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പത്നി സോനാൽ ഷായും ബന്ധുക്കളും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തി. ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ സുഷമാ സാഹുവും സംഘത്തിലുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ ദർശനം നടത്താനാണു പദ്ധതി. ഭർത്താവിനോടു ചോദിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു ചോദ്യങ്ങളോടുള്ള സോനാലിന്റെ പ്രതികരണം. 

കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയ സംഘം ഗുരുവായൂർ, മൂന്നാർ, തേക്കടി, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണു തലസ്ഥാനത്തെത്തിയത്. പൂവാറിലെ റിസോർട്ടിലും തങ്ങി. ആഹാരം പാചകം ചെയ്യാനുള്ള സംഘവും ഒപ്പമുണ്ട്. ബിജെപി നേതാവ് വി.മുരളീധരനാണു തലസ്ഥാനത്തെ യാത്രകളിൽ അനുഗമിക്കുന്നത്. 

അമിത് ഷാ തെക്കേ ഇന്ത്യയിൽ പാർട്ടി ശക്തിപ്പെടുത്താൻ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയതിനു പിന്നാലെയാണു പത്നിയുടെ തീർഥയാത്ര. രാവിലെ ഏഴിനു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ അവർ ഒന്നര മണിക്കൂറിലേറെ ഇവിടെ ചെലവിട്ടു. കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെയായിരുന്നു വരവ്. ശ്രീകോവിലിൽ പൂജിച്ച താമരപ്പൂക്കൾ പ്രസാദമായി ഏറ്റുവാങ്ങി. രാമേശ്വരത്ത് എത്തിയ ശേഷം അവിടെ നിന്നു ഡൽഹിക്കു മടങ്ങും.