എച്ച്ഐവി ബാധ ആറു കുട്ടികൾക്ക് ; കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും വൈറസ്ബാധ

കൊച്ചി ∙ സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും നാലു വർഷത്തിനിടെ സംസ്ഥാനത്ത് എച്ച്ഐവി ബാധിച്ചത് ആറു കുട്ടികൾക്ക്. മൂന്നു കുട്ടികൾക്കു രക്തം സ്വീകരിച്ചതിലൂടെയും മൂന്നു പേർക്കു കുത്തിവയ്പിലൂടെയുമാണ് എച്ച്ഐവി ബാധിച്ചത്. ഇതിൽ മൂന്നു കുട്ടികളുടെ വിവരങ്ങൾ മാത്രമാണു സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പക്കലുള്ളത്.

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികൾക്കാണ് ഏറ്റവും ഒടുവിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഈയാഴ്ച ചെന്നൈയിലേക്കു സർക്കാർ ചെലവിൽ കൊണ്ടുപോകും.

ഇടുക്കിയിൽ നിന്നുള്ള കുട്ടി പത്തു തവണ ആർസിസിയിൽ നിന്നു രക്തം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്ററിൽ (ഐസിടിസി) ഈ കുട്ടിയുടെ മാതാപിതാക്കളെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവ് ആയിരുന്നു. ഇതോടെയാണു രക്തം സ്വീകരിച്ചതിലൂടെയാണ് എയ്ഡ്സ് ബാധിച്ചതെന്നു സ്ഥിരീകരിച്ചത്.

തുടർചികിൽസയ്ക്കു വേണ്ടിയുള്ള ഐആർടി സെന്ററിൽ ഇവർ പേരു റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ചികിൽസാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആവശ്യപ്പെടും. ആലപ്പുഴയിലെയും ഇടുക്കിയിലെയും സമീപകാല കേസുകൾക്കു പുറമേ, 2013ൽ വയനാട്ടിലെ മാനന്തവാടിയിലാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. തലസീമിയ ബാധിച്ച കുട്ടി രക്തം സ്വീകരിച്ചപ്പോഴായിരുന്നു അസുഖം പകർന്നത്.

പാലക്കാട് 15, 11 വയസ്സുള്ള രണ്ടു കുട്ടികൾക്കും കോഴിക്കോട് എട്ടു വയസ്സുള്ള കുട്ടിക്കും അസുഖം ബാധിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മാതാപിതാക്കൾക്ക് എച്ച്ഐവി ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ അസുഖങ്ങളുള്ള ഈ കുട്ടികൾ രക്തം സ്വീകരിച്ചിട്ടില്ല. സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയാകാം ഇവർക്ക് എച്ച്ഐവി ബാധിച്ചതെന്നു കരുതുന്നു. ഇതിൽ കോഴിക്കോട്ടെ കുട്ടിയൊഴികെ മൂന്നു പേരും ഐആർടിയിൽ റജിസ്റ്റർ ചെയ്ത് തുടർചികിൽസ നേടുന്നുണ്ട്.

ഡോ. എം.ആർ. രമേഷ് (എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ):

സുരക്ഷിതദാതാക്കളെ കണ്ടെത്തണം രക്തം സ്വീകരിച്ചതിൽ നിന്ന് എയ്ഡ്സ് ബാധിച്ചതായി മൂന്നു സംഭവങ്ങൾ മാത്രമേ ശ്രദ്ധയിൽ പെട്ടിട്ടുള്ളൂ. മറ്റുള്ളവർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ പേരു റജിസ്റ്റർ ചെയ്ത് തുടർചികിൽസ നേടുന്നുണ്ടോ എന്നതു പരിശോധിക്കും. ചികിൽസാച്ചെലവ് സർക്കാർ വഹിക്കേണ്ടതാണ്. കേരളത്തിൽ അപൂർവം കേസുകൾ മാത്രമാണ് ഇത്തരത്തിലുള്ളത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എൻഎടി) നടത്തിയ രക്തം സ്വീകരിക്കുന്നതുപോലും പൂർണ സുരക്ഷിതമല്ലെന്നാണു ജപ്പാനിൽ നിന്നുള്ള അനുഭവം. സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്തുകയാണു പോംവഴി.