Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ച്ഐവി ബാധ

aids-hiv

ചെന്നൈ∙ വിരുദുനഗറിലെ സാത്തൂരിൽ സർക്കാർ ആശുപത്രിയിൽ രക്തം നൽകിയതിനെ തുടർന്ന് ഗർഭിണി എച്ച് ഐവി ബാധിതയായ സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു.

ശിവകാശി ജനറൽ ആശുപത്രിയിലെ രക്ത  ബാങ്കിലെ മൂന്നു ലാബ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്ത്രീയുടെ ചികിൽസാച്ചെലവ് പൂർണമായി  വഹിക്കുമെന്നറിയിച്ച സംസ്ഥാന സർക്കാർ ഭർത്താവിനു ആശുപത്രിയിൽ  ജോലി വാഗ്ദാനം ചെയ്തു. 

ജില്ലയിലെ മുഴുവൻ  ബ്ലഡ് ബാങ്കുകളിലെ  രക്തവും പരിശോധനയ്ക്കു  വിധേയമാക്കും. എച്ച്ഐവി വൈറസ് ഗർഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാനുള്ള ചികിൽസകൾ തുടങ്ങിയതായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. 

സ്വകാര്യ  ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിൽസ ആരംഭിച്ചു. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ അന്വേഷണം  ആവശ്യപ്പെട്ടു നാട്ടുകാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.  ഇതിനിടെ, രക്തം നൽകിയ  യുവാവ്  ജീവനൊടുക്കാൻ ശ്രമിച്ചു. 

കൂലിത്തൊഴിലാളിയുടെ ഭാര്യയായ  എട്ടു മാസം ഗർഭിണിയായ യുവതി (23) ഈ മാസമാദ്യമാണു സാത്തൂർ ആശുപത്രിയിൽ ചികിൽസ തേടിയത്.  രണ്ടാമത്തെ പ്രസവമാണിത്.  വിളർച്ചയുള്ളതിനാൽ രക്തം നൽകണമെന്നു ഡോക്ടർ നിർദേശിച്ചു. ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന ശിവകാശി സർക്കാർ ബ്ലഡ് ബാങ്കിൽ നിന്നുള്ള രക്തമാണു സ്വീകരിച്ചത്.

ഒരാഴ്ചയ്ക്കു ശേഷം കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടു.ചികിൽസ നൽകിയെങ്കിലും ഭേദമാകാത്തതിനെത്തുടർന്നു  വീണ്ടും ആശുപത്രിയിലെത്തി.  തുടർന്നു  നടന്ന  പരിശോധനയിലാണു യുവതിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയതായി കണ്ടെത്തിയത്. 

ചികിൽസയിലുള്ള ബന്ധുവിനൊപ്പം വന്ന യുവാവ് രണ്ടാഴ്ച മുൻപ് ശിവകാശി ബ്ലഡ് ബാങ്കിൽ രക്തം ദാനം നൽകിയിരുന്നു. വിദേശത്തു ജോലിക്കു  പോകാനായ നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയതായും ഇയാൾ ഡിസംബർ 13ന് രക്ത ബാങ്കിൽ അറിയിച്ചു. ഇതിനു 10 ദിവസം  മുൻപാണു  ഗർഭിണിക്ക് ഇവിടെ നിന്നു രക്തം നൽകിയത്.

യുവാവ് ദാനം ചെയ്ത രക്തമാണു യുവതിക്കു നൽകിയതെന്നു പിന്നീടു നടത്തിയ പരിശോധനയിൽ വ്യക്തമായി.എന്നാൽ, രക്തം മതിയായ പരിശോധന നടത്തിയ ശേഷമാണു ലാബിൽ നിന്നു നൽകിയതെന്നു ജീവനക്കാർ പറയുന്നു. ഇതിനു  ഉപയോഗിച്ച പരിശോധനാ കിറ്റ് കാലാവധി കഴിഞ്ഞതാണോയെന്നതുൾപ്പെടെ അന്വേഷണ  പരിധിയിൽ വരും. അന്വേഷണത്തിനു ശേഷം കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു.

രക്ത ബാങ്കുകൾ ജില്ലയിൽ 14

∙ വിരുദുനഗർ  ജില്ലയിൽ ആകെ 14 രക്ത ബാങ്കുകളുണ്ട്.  ഇതിൽ 10 എണ്ണം സർക്കാരിനു കീഴിലാണ്. മുഴുവൻ രക്ത ബാങ്കുകളിലും ശേഖരിച്ച  രക്തം പുനപരിശോധനയ്ക്കു വിധേയമാക്കാനാണു സർക്കാർ ഉത്തരവിട്ടത്. മധുര രാജാജി സർക്കാർ ആശുപത്രിയിലെ രക്തബാങ്ക് മേധാവി ചിന്തയുടെ  നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകുക.തമിഴ്നാട്ടിൽ ഒരു വർഷം എട്ടു ലക്ഷം പേർ രക്തം ദാനം ചെയ്യുന്നുണ്ടെന്നാണു കണക്ക്. 12 ലക്ഷം പേർക്കു  ഇതിന്റെ പ്രയോജനം ലഭിക്കുന്നു.

ഡോക്ടർമാർക്ക് എതിരെ പരാതി

∙ സാത്തൂർ  സർക്കാർ ആശുപത്രിയിൽ യുവതിയ പരിശോധിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടു യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 

ഡോക്ടർമാരുടെ അനാസ്ഥയാണു ഇത്തരമൊരു സംഭവമുണ്ടാകാൻ കാരണമെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവിനു ആശുപത്രിയിൽ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്തെങ്കിലും അതു സ്വീകരിക്കില്ലെന്നാണു സൂചന. 

എയ്ഡ്സ് നേരത്തെ സ്ഥിരീകരിച്ചു?

∙ രക്തദാതാവായ യുവാവ് എച്ച്ഐവി പോസിറ്റീവാണെന്നു  രണ്ടു വർഷം മുൻപു  തന്നെ കണ്ടെത്തിയിരുന്നുവെന്ന സൂചന ഇതിനിടെ  പുറത്തുവന്നു. എന്നാൽ, യുവാവ് ഇക്കാര്യം അറിഞ്ഞിരുന്നില്ല. സ്വകാര്യ സ്ഥാപനം നടത്തിയ രക്തദാന ക്യാംപിൽ യുവാവ് രക്തം ദാനം ചെയ്തിരുന്നു.അവിടെ നടത്തിയ പരിശോധനയിൽ എച്ച്ഐവി കണ്ടെത്തിയെങ്കിലും ഏജൻസി ഇക്കാര്യം യുവാവിനെയോ സർക്കാർ ഏജൻസികളെയോ അറിയിച്ചില്ല. ഇതിനിടെ,  ആത്മഹത്യയ്ക്കു ശ്രമിച്ച  യുവാവിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിബന്ധനകൾ കർശനം, പക്ഷേ...

∙ രക്തബാങ്കുകളിൽ നിന്നു രോഗികൾക്കു അവശ്യഘട്ടത്തിൽ രക്തം നൽകുന്ന സംവിധാനമാണു വർഷങ്ങളായി സംസ്ഥാനത്തുള്ളത്. എടുക്കുന്ന രക്തത്തിനു പകരമായി  രോഗിയുടെ ബന്ധുക്കളിൽ നിന്നു രക്തം ശേഖരിക്കും.ശേഖരിക്കുന്ന രക്തം  തമിഴ്നാട് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകുന്ന കിറ്റ് ഉപയോഗിച്ചാണു പരിശോധിക്കും. സംശയകരമെങ്കിൽ പ്രത്യേക വിഭാഗത്തിലേക്കു മാറ്റും. സാംപിളുകൾ രണ്ടു തവണയെങ്കിലും പരിശോധിച്ച ഉറപ്പുവരുത്തിയ ശേഷമാണു  നൽകുന്നത്. സംസ്ഥാനത്തു ഇത്തരമൊരു സംഭവം ആദ്യമാണ്. ലാബ് ജീവനക്കാരുടെ അശ്രദ്ധയാണു സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.