Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസിസി നേടണം, മികവിൻ തലപ്പൊക്കം

Regional Cancer Center തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ

അർബുദ ചികിൽസയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സ്ഥാപനമായ ആർസിസിയുടെ (റീജനൽ കാൻസർ സെന്റർ) പെരുമയ്ക്കു പോറലേൽപിച്ച് ഈയിടെ ചില ആരോപണങ്ങളുയർന്നു. സേവനമേഖലയിലെ ഒരു പ്രത്യേക വിഭാഗത്തെയോ ജീവനക്കാരിൽ ചിലരെയോ പഴിചാരുന്നതിൽ അർഥമില്ല. പോരായ്മകൾ എങ്ങനെ സംഭവിച്ചുവെന്ന് ആത്മപരിശോധന നടത്താനുള്ള അവസരമായി ഇതിനെ കാണണം. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയുംപോലെ, കാലത്തിന്റെ വെല്ലുവിളികളെ അറുപഴഞ്ചൻ രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് പ്രധാന ന്യൂനത.  

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യംവരെ, കേരളത്തിലെ ഏതെങ്കിലും കാൻസർ ആശുപത്രിയിൽ രോഗി മരിച്ചാൽ അതിലാരും അസാധാരണത്വം കണ്ടിരുന്നില്ല. തലവിധി, വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ....തുടങ്ങിയ സാന്ത്വനവാക്കുകളിൽ ജനം അഭയം തേടിയിരുന്നു. എന്നാൽ, ‘വിധി’ എന്ന വാക്ക് പാശ്ചാത്യ ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. 

എന്തും ഏതും അധീനതയിലാക്കാൻ മനുഷ്യനു കഴിയുമെന്ന അവരുടെ വിശ്വാസമാണ് അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിൽസയിൽ ലോകം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനം. അഭ്യസ്തവിദ്യരായ കേരളീയർ ഈ ശാസ്ത്രനേട്ടങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. ചികിൽസാകേന്ദ്രങ്ങളുടെ പ്രശസ്തി ഗണത്തിൽ (ക്വാണ്ടിറ്റി) നിന്നു ഗുണത്തിലേക്ക് അതിവേഗം മാറിയിരിക്കുന്നു.

2017–18ൽ ആർസിസിയിൽ 16176 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നതും രണ്ടുലക്ഷത്തിലേറെ രോഗികൾ തുടർപരിശോധനയ്ക്ക് എത്തിയെന്നതും അദ്ഭുതാദരങ്ങളോടെ നോക്കിക്കാണുന്നവർ ഇന്നു വിരളം. ചികിൽസയുടെ ഗുണനിലവാരമാണു ജനം പ്രതീക്ഷിക്കുന്നത്. എച്ച്ഐവി തടയാനുള്ള നടപടികളിലെ അപാകതകൾ വലിയ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ടാണ്. 

ആർസിസിയെ ലോകത്തിലെ മികവുറ്റ ചികിൽസാ സ്ഥാപനങ്ങൾക്കൊപ്പം എത്തിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. ചില എളിയ നിർദേശങ്ങൾ പങ്കുവയ്ക്കട്ടെ. 

സാമ്പത്തിക ഭദ്രത

വിജയസാധ്യത പതിന്മടങ്ങും അപകടസാധ്യത തീരെക്കുറവുമായ രീതികളാണു തുടർച്ചയായി അർബുദ ചികിൽസാരംഗത്തെത്തുന്നത്. ശസ്ത്രക്രിയയിൽ റോബട്ടുകളും റേഡിയേഷനിൽ പ്രോട്ടോൺ ബീമും അദ്ഭുതം രചിക്കുന്നു. പുതിയ ഔഷധങ്ങൾ ആയിരക്കണക്കിനു രോഗികളെ മരണത്തിൽനിന്ന് അകറ്റിനിർത്തുന്നു. 

ഭീമമായ ചെലവുള്ളവയാണ് ഈ ചികിൽസാരീതികൾ. സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തപ്പെട്ട ആർസിസിക്ക് ഇക്കൊല്ലം കിട്ടേണ്ടിയിരുന്ന കേന്ദ്ര സഹായം, സംസ്ഥാന വിഹിതമായ 16% നൽകാത്തതിനാൽ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നു. ആരാണ് ഉത്തരവാദി? 

തിരക്ക് സർവത്ര! 

തിരക്കോടു തിരക്ക്. പതിറ്റാണ്ടുകളായി കേൾക്കുന്ന പരാതി. ആധുനിക സാങ്കേതികവിദ്യയെ അവഗണിക്കുന്നതുമൂലമുള്ള പ്രശ്നങ്ങളിലൊന്നാണിത്. തുടർ പരിശോധയ്ക്കെത്തുന്നവരെ പരിശോധിക്കാനുള്ള നിർദേശങ്ങൾ ഇന്നു ലോകമെമ്പാടും ഓൺലൈനിൽ ലഭ്യം. ആർസിസിയിലെ ഹ്രസ്വകാല ഓറിയന്റേഷനു ശേഷം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർക്കു കൈകാര്യം ചെയ്യാനാകുന്ന പ്രശ്നമാണിത്. ടെലി മെഡിസിൻ സാധ്യത പ്രയോജനപ്പെടുത്തി ആർസിസിയിലെ സ്പെഷലിസ്റ്റുകൾ പിന്തുണയ്ക്കുക കൂടി ചെയ്താൽ തടസ്സങ്ങൾ ക്രമേണ മാറും.

ഇഎംആർ വരട്ടെ 

ഉടൻ ഏർപ്പെടുത്തേണ്ട ആധുനിക സംവിധാനങ്ങളിലൊന്ന്. പുതിയ ഇഎംആറുകളുടെ (ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്) ഉപയോഗക്ഷമത അദ്ഭുതപ്പെടുത്തും. രോഗത്തെയും ചികിൽസയെയും സംബന്ധിച്ച എല്ലാ വിവരങ്ങളും ഞൊടിയിടയിൽ ഓൺലൈനായി കൺമുന്നിലെത്തും. ലോകത്തെവിടെ വേണമെങ്കിലും വിദഗ്ധരിൽനിന്നു രണ്ടാമതൊരു അഭിപ്രായം തേടാനും പെട്ടെന്നു കഴിയും. ഇഎംആറിന്റെ ഉപയോഗം വ്യാപകമായാൽ ‘രക്തദാനത്തിലൂടെയുള്ള എച്ച്ഐവി’ പഴങ്കഥയാകും. കാരണം, രക്തസംഭരണം മുതൽ രോഗി രക്തം സ്വീകരിച്ചു കഴിയുന്നതുവരെയുള്ള ഓരോഘട്ടത്തിലും അനുവർത്തിക്കേണ്ട സൂക്ഷ്മ സുരക്ഷാ നടപടികൾ കംപ്യൂട്ടറിൽ തെളിയും. ചില പോരായ്മകളുണ്ടെങ്കിലും അനുദിനം മെച്ചപ്പെട്ടുവരുന്ന ഇഎംആറുകളുടെ ഏറ്റവും മികച്ച സംഭാവന, ചികിൽസയുടെ ഗുണമേൻമ ഉറപ്പുവരുത്തുമെന്നതാണ്. 

ക്രിട്ടിക്കൽ കെയർ യൂണിറ്റ് 

രൂക്ഷമായ പാർശ്വഫലങ്ങളുള്ള ആധുനിക കാൻസർ മരുന്നുകൾ പ്രയോഗിക്കുമ്പോൾ താൽക്കാലികമായിട്ടെങ്കിലും രോഗി ഗുരുതരാവസ്ഥയിലേക്കു നീങ്ങിയേക്കാം. ഈ ഘട്ടം കഴിഞ്ഞാൽ ചിലർ രോഗവിമുക്തരാവാം; ചിലരുടെ രോഗം ദീർഘകാലത്തേക്കു നിയന്ത്രണവിധേയമാകാം. 

കിടക്കകളുടെ കുറവും പ്രത്യേക പരിശീലനം സിദ്ധിച്ചവരുടെ അഭാവവും നിമിത്തം ആർസിസി പലപ്പോഴും ഇത്തരം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുന്നു. ഇതു സ്വീകാര്യമല്ല. മികവുറ്റ ക്രിട്ടിക്കൽ കെയർ യൂണിറ്റ് എത്രയുംവേഗം ആർസിസിയിൽ തുടങ്ങണം. അതുവരെ, രൂക്ഷഫലങ്ങൾ സൃഷ്ടിക്കുന്ന ചികിൽസാ രീതികൾ നിർത്തിവയ്ക്കണം. സ്ഥലപരിമിതി പ്രതിബന്ധമാണ്. ആർസിസിക്ക് അനുവദിച്ച 66 കോടി രൂപയിൽ 80% തുകയും ഇക്കഴിഞ്ഞ മാർച്ച് 31നു സർക്കാർ തിരിച്ചുവാങ്ങി. 14 നില കെട്ടിടത്തിന്റെ പണി തുടങ്ങുമ്പോൾ മടക്കിനൽകാമെന്നാണു ധാരണ. സാമ്പത്തിക ദൗർലഭ്യം, പാളിച്ചകൾക്കു കാരണമാണെങ്കിലും ഒരിക്കലും നീതീകരണമാകുന്നില്ല.

മോർട്ടാലിറ്റി മോർബിഡിറ്റി മീറ്റിങ് 

ആർസിസിയിലെ എല്ലാ മരണങ്ങളും മാരണങ്ങളും പ്രതിമാസം വിലയിരുത്താനും, ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളുടെ കാരണം തേടാനും തിരുത്താനുമുള്ള സംവിധാനമാണിത്. എല്ലാ മികച്ച ചികിൽസാകേന്ദ്രങ്ങളിലും ഇവ കാര്യക്ഷമമായി നടക്കുന്നു. ഇവ സ്വയം കണ്ടെത്താനും ഓർമപ്പെടുത്താനുമായി ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ പരുവപ്പെടുത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ ആർസിസി ഈ രംഗത്തു മുന്നേറിയിട്ടില്ല. ആർസിസിയിലെ സമീപകാല ദുരന്തങ്ങളെ, വലിയൊരു സ്ഥാപനം ക്വാണ്ടിറ്റി യുഗത്തിൽനിന്നു ക്വാളിറ്റി യുഗത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളായി വേണം കാണാൻ. അതിനു നാം വലിയ വില കൊടുക്കേണ്ടിവന്നുവെന്നതു സത്യം. കേരളം ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ ഈ സ്ഥാപനത്തെ മികച്ചനിലയിലെത്തിക്കാൻ ഇനിയും നമുക്കു കഴിയും.

(ഇന്റർനാഷനൽ നെറ്റ്‍വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച് എന്ന യുഎസ് സംഘടനയുടെ പ്രസിഡന്റും തോമസ് ജഫേഴ്സൺ സർവകലാശാലയിൽ ഓങ്കോളജി ക്ലിനിക്കൽ പ്രഫസറുമാണ് ലേഖകൻ)