ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ്: നാലംഗ സംഘം അന്വേഷണത്തിന്

തിരുവനന്തപുരം∙ ആഡംബര കാറുകൾ പുതുച്ചേരിയിലും മാഹിയിലും റജിസ്റ്റർ ചെയ്തു നികുതി വെട്ടിക്കുന്നതു കണ്ടെത്താൻ ഗതാഗത കമ്മിഷണർ അനിൽ കാന്ത് നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സന്തോഷിന്റെ നേതൃത്വത്തിലാണു സംഘം .

ഇവർ തിങ്കളാഴ്ച രാവിലെ പുതുച്ചേരിയിലെത്തും. അവിടെ താൽക്കാലിക പെർമിറ്റ് എടുത്ത കേരളത്തിലെ സ്ഥിരം വിലാസക്കാരുടെ വി‌വരമാണു ശേഖരിക്കുന്നത്. പത്തു ലക്ഷത്തിനു മുകളിൽ വിലയുള്ള കാറുകളുടെ വിശദാംശം ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിനു സഹായവും വിവരങ്ങളും ലഭ്യമാക്കാൻ പുതുച്ചേരി ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും കത്തു നൽകിയിട്ടുണ്ടെന്നു ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. എത്രയും വേഗം വിവരങ്ങൾ ശേഖരിച്ചു നടപടിയെടുക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. 

സംസ്ഥാനത്തെ പ്രമുഖർ പലരും പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ ആഡംബര കാറുകൾ റജിസ്റ്റർ ചെയ്തു വൻനികുതി വെട്ടിപ്പു നടത്തുന്നതായി വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തിൽ 20 ലക്ഷം നികുതി നൽകണം. എന്നാൽ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ മതി. ഇതിനാലാണു നിയമം ലംഘിച്ച് ഉന്നതർ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്യുന്നത്.