വൈദ്യുതി സർചാർജ്: റെഗുലേറ്ററി കമ്മിഷൻ തീരുമാനം 2 ആഴ്ചയ്ക്കകം

തിരുവനന്തപുരം∙ യൂണിറ്റിനു 14 പൈസ ഇന്ധന സർചാർജ് ചുമത്തണമെന്നാവശ്യപ്പെട്ടു വൈദ്യുതി ബോർഡ് നൽകിയ അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറക്കും.‌ കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജിന്റെ അധ്യക്ഷതയി‍ൽ നടന്ന ഹിയറിങ്ങിൽ ഏഴു പേർ മാത്രമാണു തെളിവ് നൽകാൻ എത്തിയത്.

ഹൈടെൻഷൻ, എക്സ്ട്രാ ഹെടെൻഷൻ ഉപയോക്താക്കളും ഗാർഹിക ഉപയോക്താക്കളുടെ പ്രതിനിധികളും ഇതിൽപെടുന്നു. വൈദ്യുതി വാങ്ങൽ, ഇന്ധനവില വർധന എന്നിവ മൂലം കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ അധികം ചെലവായ 74.6 കോടി രൂപ ഈടാക്കാൻ നിയമ പ്രകാരം തങ്ങളെ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ, ഈ കാലഘട്ടത്തിൽ വിപണിയിൽ കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭ്യമായിരുന്നുവെന്നും ഇത്രയും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും ഉപയോക്താക്കൾക്കു വേണ്ടി ഹാജരായ ഡിജോ കാപ്പൻ ചൂണ്ടിക്കാട്ടി.

വിവിധ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സർചാർജ് എത്ര ആയിരിക്കണമെന്നു കമ്മിഷൻ തീരുമാനിക്കുക. ഇതിനിടെ, കഴിഞ്ഞ രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന കൊച്ചി ബിഎസ്ഇഎസ് വൈദ്യുത നിലയത്തിന്റെ കാര്യത്തിൽ ഇനി എന്തുവേണമെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി. വൈദ്യുതി വാങ്ങൽ കരാർ ഇനി പുതുക്കാനാവില്ല. ഈ സാഹചര്യത്തിൽ, കുറഞ്ഞ വിലയക്ക് നിലയം നൽകാൻ ഉടമകൾ തയാറാണെങ്കിൽ ഏറ്റെടുക്കാമെന്നും ഇക്കാര്യം പരിശോധിക്കാനുമാണു തീരുമാനം.