ഹോമിയോ മരുന്നു വാങ്ങാനും ഇനി ആധാർ

ആലപ്പുഴ∙ ഹോമിയോ മരുന്നുകൾ ലഭിക്കാനും ഇനി ആധാർ നിർബന്ധം. സംസ്ഥാനത്തെ സർക്കാർ ഹോമിയോ ആശുപത്രികളിലാണു മരുന്നു വിതരണത്തിന് ആധാർ നമ്പർ നിർബന്ധമാക്കിയത്. ചീട്ട് എടുക്കുന്നതിനു ഫോം പൂരിപ്പിച്ചു നൽകുമ്പോൾ രോഗിയുടെ പേരിനും വയസിനും ഒപ്പം ആധാർ നമ്പർകൂടി ആശുപത്രികളിൽ ശേഖരിച്ചു തുടങ്ങി.

ആദ്യഘട്ടത്തിൽ ആശുപത്രികളിൽ മാത്രമാണ് ആധാർ നമ്പർ ശേഖരിക്കാൻ നിർദേശം ഡിഎംഒമാർക്കു ലഭിച്ചതെങ്കിലും മിക്ക ജില്ലകളിലും ഡിസ്പെൻസറികളും ഇപ്പോൾ രോഗികളുടെ ആധാർ നമ്പർ ശേഖരിക്കുന്നുണ്ട്. കാർഡ് ഇല്ലാത്തവർ അടുത്ത തവണ കൊണ്ടു വരാനാണ് ആവശ്യപ്പെടുന്നത്.

ആയുഷ് വകുപ്പുവഴി ഹോമിയോ വകുപ്പിനു ലഭിക്കുന്ന കേന്ദ്രസർക്കാർ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നു കണ്ടെത്തുന്നതിനുള്ള കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായാണു പുതിയ നടപടി. കഴിഞ്ഞ വർഷം 4.5 കോടി രൂപയാണു ഹോമിയോ വകുപ്പിനു ലഭിച്ചത്. അടുത്തകൊല്ലം കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രഫണ്ട് ഉപയോഗിക്കുന്ന മറ്റു മെഡിക്കൽ വിഭാഗങ്ങളിലും രോഗികളുടെ റജിസ്ട്രേഷനൊപ്പം ഉടൻ ആധാർ നമ്പറും നിർബന്ധമാക്കും എന്നാണു ലഭിക്കുന്ന വിവരം.