Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനിക്ക് ഹോമിയോ ചികിത്സ തടയണമെന്ന് പ്രധാനമന്ത്രിയോട് ഐഎംഎ

Narendra-Modi-Dr-Sulphi-Noohu പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോ. സുല്‍ഫി നൂഹു

തിരുവനന്തപുരം∙ പ്രളയത്തിനുശേഷം എലിപ്പനി വളരെ ഗുരുതരമായി പടർന്നു പിടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അവയെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളും ശക്തമായി പുരോഗമിക്കുന്നു. അതിനിടെ എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഹോമിയോപ്പതി മരുന്നുകൾ പുറത്തിറക്കുന്നെന്നും ഇത് ജനത്തിനു ദോഷം ചെയ്യുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ.സുൽഫി നൂഹു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ജർമനി എന്നിവിടങ്ങളിൽ ഈ ചികിൽസ നിരോധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും ഇതു നിരോധിക്കണമെന്നും നൂഹു പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെഴുതിയ കത്തിന്റെ പൂർണ്ണ രൂപം:

ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ മോഡിജിക്കു ഒരു തുറന്ന കത്ത്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ മുപ്പതിനായിരം ഡോക്ടർമാരുടെ നല്ല നമസ്കാരം !

അങ്ങേക്ക് സുഖമാണെന്നു കരുതികൊള്ളട്ടെ. ഞങ്ങൾ കേരളത്തിലെ എല്ലാവരും മഹാ പ്രളയത്തിന്റെ ആഘാതം തടഞ്ഞു നിർത്തുവാനുള്ള തീവ്ര പരിശ്രമത്തിലാണ്‌. ഞങ്ങൾ ഡോക്ടർമാരുടെ കൂടുതൽ അധ്വാനം ആവശ്യമുള്ള സമായമണിപ്പോൾ. പതിവുപോലെ പ്രളയദുരിതാശ്വാസ ക്യാംപുകളിൽ എല്ലാ കേരളീയരെയും പോലെ, പ്രത്യേകിച്ചു യുവജനങ്ങളെയും മൽസ്യത്തൊഴിലാളികളെയും പോലെ തന്നെ ഡോക്ടർമാർ നല്ല പ്രവർത്തനം കാഴ്ചവച്ചു എന്നാണ് പൊതു വിലയിരുത്തൽ. അതു ഞങ്ങളുടെ കടമയും കൂടി ആണല്ലോ.

വ്യോമസേനയെയും ദ്രുത കർമ്മ സേനയെയും അയച്ചുതരികയും അങ്ങു നേരിട്ടുവന്നു ദുരന്തം കാണുകയും ചെയ്തതിലുള്ള നന്ദി അറിയുക്കുവാനും ഈ അവസരം ഉപയോഗിച്ചോട്ടെ .കേരളത്തിന് നൽകുന്ന എല്ലാ സപ്പോർട്ടും തുടരണം എന്നു ഈ അവസരത്തിൽ അഭ്യർഥിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങൾ കേരളത്തിലെ ഡോക്ടർമാരും പൊതു സമൂഹവും നേരിടുന്ന ഒരു കടുത്ത വെല്ലുവിളി അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വരുവാനാണ് ഈ കത്ത്.

കേരളം, വെള്ളപ്പൊക്കത്തിനു ശേഷം കടുത്ത എലിപ്പനി അഥവാ ലെപ്‌ടോസ്പിറോസിസ് ഭീഷണിയും ഡെങ്കിപ്പനി ഭീഷണിയും നേരിടുകയാണ്. ഇതിനകം ഒട്ടേറെ ജീവനുകൾ ഈ രോഗത്താൽ നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്കം മൂലം നഷ്ടപ്പെട്ടവ 500 ൽ പരം ജീവനുകളെക്കാൾ കൂടുതൽ ഈ എലിപ്പനിയും ഡെങ്കിപ്പനിയും കൊണ്ടുപോകുമോ എന്നും ഞങ്ങൾ ന്യായമായും ഭയക്കുന്നു.

അങ്ങേക്ക് അറിവുള്ളതു പോലെ എലിപ്പനി പകരുന്നത് മലിന ജലത്തിൽ തങ്ങി നിൽക്കുന്ന രോഗാണു, അതു എലിയുടെയോ മറ്റു മൃഗങ്ങളുടെയോ മൂത്രത്തിലൂടെ വരുന്നവ, ശരീരത്തിൽ ഉള്ള മുറിവകളിലൂടെ ഉള്ളിൽ പ്രവേശിച്ചാണ്‌. വെള്ളപ്പൊക്കത്തിനുശേഷം ഉണ്ടാകുന്ന എലിപ്പനി കൂടുതൽ അപകടകാരി ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എലിപ്പനി ശരിയായ വിധത്തിൽ ചികിൽസിച്ചില്ലെങ്കിൽ ശ്വാസകോശ രോഗത്താലോ, കരൾ, വൃക്ക, ഹൃദയ, മസ്തിഷ്ക രോഗത്തലോ മരണം സംഭവിക്കാവുന്നതാണ്. മരണ നിരക്ക് ഏതാണ്ട് 20 ശതമാനം എന്നുള്ളതും ഞങ്ങളെ ഭയപ്പെടുത്തുന്നു.

ലക്ഷക്കണക്കിന് ആൾക്കാരാണു മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നത് വളരെ പ്രസക്തമായ കാര്യമാണ്‌. ഈ പ്രത്യേക സാഹചര്യത്തിൽ എലിപ്പനി തടയുവാൻ ഡോക്സി സൈക്ലിൻ ഗുളിക 200 എംജി ആഴ്ചയിൽ ഒന്നു വീതം ആറ് ആഴ്ച കഴിക്കുന്നതു വളരെ വിജയമാണ് എന്നു ലോകത്തെമ്പാടും നടന്നിട്ടുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡെങ്കി പടർത്തുന്നത് എയിഡ്സ് കൊതുകുകൾ ആണല്ലോ. കൊതുകിന്റെ പ്രജനനം തടയുക തന്നെയാണ് ശാസ്‌ത്രീയമായ രീതി. തുടക്കത്തിൽ തന്നെ ചികിൽസിക്കുന്നത് അത്യാവശ്യമാണ്, രണ്ടിലും.

എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ ഹോമിയോ ചികിത്സ നടത്തുന്നവർ ചില മരുന്നുകൾ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പറഞ്ഞു പരത്തി നൽകാൻ തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആൾക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന ഡോക്സിസൈക്ലിൻ കഴിക്കാതെ, കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതിൽ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും.

അങ്ങേക്ക് അറിവുള്ളത് പോലെ ഈ ഹോമിയോ ചികിത്സ രീതികൾ മറ്റനേകം രാജ്യങ്ങളിൽ നിരോധിച്ചതാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്തിനേറെ ഈ ചികിൽസയ്ക്കു തുടക്കം കുറിച്ച ജർമനിയിൽ പോലും ഇതു നിരോധിച്ചു കഴിഞ്ഞു. ആൾക്കാരെ തെറ്റിധരിപ്പിച്ചു ശരിയായ, ശാസ്ത്രീയ ചികിൽസ എടുക്കുന്നതിനു ഹോമിയോ തടസം നിൽക്കുകയാണ്.

എന്നാൽ നമ്മുടെ ആർഷഭാരത സംഭവനയായ ആയുർവേദത്തിനു ചില രോഗങ്ങൾക്ക് ഗുണങ്ങൾ ഉണ്ടെന്നു ഞങ്ങൾ ഓർക്കുന്നു. എലിപ്പനിക്കും മറ്റും അവർ ചികിൽസ അവകാശപ്പെടുന്നുമില്ല. ഈ അവസരത്തിൽ അങ്ങയുടെ ശ്രദ്ധ ഈ വിഷയത്തിൽ കൂടുതൽ വേണ്ടതാണ് എന്നു ഞങ്ങൾ കരുതുന്നു. കോടികണക്കിന് രൂപ ചിലവാക്കുന്ന ഈ ചികിൽസ രീതി നമുക്ക് ഒഴിവാക്കാൻ കഴിയേണ്ടതല്ലേ. മറ്റു രാജ്യങ്ങളെപ്പോലെ നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലേ ?

അങ്ങനെ ആയിരക്കണക്കിന് ജീവനുകൾ നമുക്ക് രക്ഷിക്കാൻ കഴിയില്ലേ. കോടിക്കണക്കിന് രൂപയും നമുക്ക് ലാഭിച്ചുകൂടെ. ഹോമിയോ പഠിച്ച ആൾക്കാർക്ക് പ്രത്യേക റിസർവേഷൻ നൽകി ആധുനിക വൈദ്യശാസ്ത്ര ബിരുദ പഠനത്തിന് (എംബിബിഎസ്) ചേർത്ത് അവരുടെ തൊഴിൽ പ്രശ്നം പരിഹരിച്ചു കൂടെ. അവർക്ക് ശരിയായ കോഴ്സ് പഠിച്ചു തന്നെ ചികിത്സ രംഗത്തു വരാമല്ലോ. ഘട്ടം ഘട്ടമായി ഹോമിയോ പഠന കോഴ്‌സുകൾ നിർത്തുകയും ആവാം. ഈ ചികിൽസ രീതി, മിന്നൽ വേഗത്തിൽ പുരോഗമിക്കുന്ന, ഭാരതത്തിനു അപമാനമാകുമോ എന്നു ഞങ്ങൾ ഭയക്കുന്നു. കേരളത്തിൽ മാത്രമല്ല ഭാരതം എമ്പാടും ഇതു നിരോധിക്കണം. അതു ഗുണമേ ചെയ്യുള്ളു എന്നു കാലം തെളിയിക്കും.

കേരളത്തിൽ വീണ്ടും വരുമ്പോൾ എലിപ്പനിയില്ലാത്ത കേരളം, ഡെങ്കിയില്ലാത്ത കേരളം ഞങ്ങൾ ഉറപ്പു തരുന്നു. ഈ അശാസ്ത്രീയ ചികിത്സ അങ്ങു നിരോധിച്ചു തന്നാൽ...

സ്നേഹാദരങ്ങളോടെ,
കേരളത്തിലെ ഡോക്ടർമാർക്കു വേണ്ടി

ഡോ.സുൽഫി നൂഹു

related stories