Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ പെൻഷൻ പ്രായം മെഡിക്കൽ കോളജുകളിൽ 62, പുറത്ത് 60 ആക്കാൻ എൽഡിഎഫ് നിർദേശം

doctor

തിരുവനന്തപുരം∙ സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം ഞായറാഴ്ചത്തെ എൽഡിഎഫ് നേതൃയോഗം അംഗീകരിച്ചു ശുപാർശയായി മന്ത്രിസഭയ്ക്കു കൈമാറി.

മെഡിക്കൽ കോളജിലെ അധ്യാപകരുടെയും ഡോക്ടർമാരുടെയും വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആക്കാനും സംസ്ഥാന ആരോഗ്യ സർവീസിലെ ഡോക്ടർമാരുടേത് 56 ൽ നിന്ന് 60 ആക്കാനുമാണു ശുപാർശ. പെൻഷൻ പ്രായം പൊതുവിൽ വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യചുവടല്ലെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. ഒരേ യോഗ്യതയുള്ളവർക്കു മെഡിക്കൽ‍ കോളജുകളിൽ 60 വയസ്സുവരെയും പുറത്ത് 56 വരെ മാത്രവും തുടരാൻ കഴിയുന്നതിൽ വിവേചനമുണ്ടെന്നു ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ സംഘടന പാർട്ടിയെയും എൽഡിഎഫിനെയും സമീപിച്ചു.

ഇൻഷുറൻസ് മെഡിക്കൽ സർവീസിലും വിരമിക്കൽ പ്രായം 60 ആണ്. ഇത് ഏകീകരിക്കണമെന്നായിരുന്നു ഡോകർമാരുടെ സംഘടനകളുടെ അഭ്യർഥന. ആരോഗ്യ സർവീസിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം മാത്രം കൂട്ടി 60 ആക്കി ഏകീകരിച്ചാൽ അതു മെഡിക്കൽ കോളജ് അധ്യാപകരെ അസംതൃപ്തിയിലാക്കുമെന്നു കണക്കിലെടുത്തു. അതിനാൽ പുറത്തുള്ളവരുടേതു നാലുവർഷവും മെഡിക്കൽ കോളജുകളിലുള്ളവരുടേത് രണ്ടുവർഷം മാത്രവും കൂട്ടാമെന്ന ധാരണയിലെത്തി.

കേന്ദ്രസർവീസിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആണെന്നതും കണക്കിലെടുത്തു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ വിരമിക്കൽ 55 ൽ നിന്ന് 60 വയസ്സാക്കി ഉയർത്തിയത് ഏഴുവർഷം മുമ്പാണ്. അന്നു മുതൽ കേരളഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പെൻഷൻ പ്രായം ഉയർത്താൻ സമ്മർദം ചെലുത്തുകയാണ്.

പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്ന വിശകലനമാണു രാഷ്ട്രീയ നേതൃത്വത്തിലുണ്ടായത്. മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും വിദഗ്ധരുടെ ഒഴിവുകളുണ്ട്. മെഡിക്കൽ കോളജുകളിൽ സീനിയറായ ഡോക്ടർമാരില്ലാത്തതു പിജി മെഡിക്കൽ കോഴ്സുകളുടെ അംഗീകാരത്തെയും പിജി സീറ്റുകളുടെ എണ്ണത്തെയും ബാധിക്കുന്ന സാഹചര്യവുമുണ്ട്.

എൻട്രി കേഡറിൽ ഒഴിവുകൾ നികത്താൻ വലിയ കാലതാമസവുമെടുക്കുന്നു. ആയുർവേദ, ഹോമിയോ മേഖലകൾക്കു കൂടി പുതിയ തീരുമാനം ബാധകമാക്കണമോയെന്നു മന്ത്രിസഭയാണു തീരുമാനിക്കേണ്ടത്.

related stories