ഇഴയുന്ന എക്സ്പ്രസുകൾ യാത്രക്കാർക്കു വേണ്ട!

കൊച്ചി ∙ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമ്പോൾ യാത്രക്കാർ റെയിൽവേയെ കൈവിടുന്നു. 30 മിനിറ്റ് മുതൽ മൂന്നര മണിക്കൂർ വരെയാണു വൈകുന്നത്. ഇന്നലെ മാത്രം പ്രധാന ട്രെയിനുകളിൽ 17 എണ്ണം വൈകി. ട്രെയിനുകൾ വൈകിയോടുന്നതിന്റെ ഉത്തരവാദിത്തം ഓപ്പറേറ്റിങ് വിഭാഗത്തിനുണ്ടെങ്കിലും വിശദീകരണം ചോദിക്കാനോ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനോ റെയിൽവേ ബോർഡോ ഉന്നത ഉദ്യോഗസ്ഥരോ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എറണാകുളം – തൃശൂർ സെക്ടറിൽ സ്ഥിരം യാത്രക്കാരിൽ പകുതിയോളം പേർ ട്രെയിൻ ഉപേക്ഷിച്ച് യാത്ര ബസിലാക്കി. 

കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ തിരുവനന്തപുരത്തുനിന്നു വൈകിട്ടുള്ള അഞ്ചു ദീർഘദൂര ട്രെയിനുകൾ വൈകാൻ കാരണം ഉച്ചകഴിഞ്ഞു 2.55നു പുറപ്പെടുന്ന നാഗർകോവിൽ- കോട്ടയം പാസഞ്ചറാണെന്നു പരാതിയുണ്ട്. എന്നും വൈകിയോടുന്ന പാസഞ്ചറിനു പിന്നിലായാണ് ഈ എക്സ്പ്രസ് ട്രെയിനുകൾ ഇഴയുന്നത്. പാസഞ്ചറിന്റെ സമയം മാറ്റി പ്രശ്നം പരിഹരിക്കാമെങ്കിലും, ചെയ്യുന്നില്ല. 

തിരുവനന്തപുരം - ഷൊർണൂർ വേണാട് ഇന്നലെ രാവിലെ ഒന്നേമുക്കാൽ മണിക്കൂർ വൈകി 6.45നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. 10.10ന് എറണാകുളത്ത് എത്തേണ്ടതാണ്. പക്ഷേ, ട്രെയിൻ എത്തിയതു മൂന്നര മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.48ന്. ഏറ്റവും കൂടുതൽ യാത്രക്കാർ എറണാകുളത്തേക്കാണെന്നിരിക്കെ ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിച്ചെങ്കിൽ വൈകിട്ട് 5.10നു കൃത്യസമയത്തു മടക്കയാത്ര സാധ്യമാകുമായിരുന്നു. 

എന്നാൽ, ഷൊർണൂരിലേക്കു പോയ വേണാട് വൈകിട്ട് അഞ്ചിനു ശേഷവും ഷൊർണൂരിലെത്തിയില്ല. ആർക്കും ഉപകാരമില്ലാതെ ഷൊർണൂർ വരെ ഓടിയ ട്രെയിൻ മടക്കയാത്രയിൽ രാത്രി ഒൻപതിനാണ് എറണാകുളം വിട്ടത്.