ഇന്ദിരാഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ധീരവനിത: ഉമ്മൻചാണ്ടി

ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ നൂറു ദീപങ്ങൾ തെളിച്ചപ്പോൾ. ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഇന്ദിരയുടെ ഛായാചിത്രത്തിനു സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിപ്പിടിച്ച നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക-സോഷ്യലിസ്റ്റ് ചിന്താഗതിയാണ് രാജ്യത്തിന്റെ വികസനക്കുതിപ്പിനു കരുത്തു പകർന്നത്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് ഇന്ദിരയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ ഇന്ദിരാഗാന്ധി നൽകിയ സംഭാവന മഹത്തരമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയ ഭരണമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. എന്നാൽ, കോർപറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് പ്രധാനമന്ത്രി മോദി നടത്തുന്നത്. ഇന്ത്യയെ മുതലാളിത്ത രാഷ്ട്രമാക്കാനാണു മോദിയുടെ ശ്രമം. ഇന്ദിരാഗാന്ധി മതാധിഷ്ഠിത രാഷ്ട്രമെന്ന ആശയത്തെ എതിർത്തു തോൽപിച്ചപ്പോൾ, മോദി മതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടി ശ്രമിക്കുകയാണെന്നും ഹസൻ പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് ഇന്ദിരാഭവനിൽ 100 ദീപങ്ങൾ തെളിച്ചു. പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരൻ, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, പാലോട് രവി, തലേക്കുന്നിൽ ബഷീർ, പന്തളം സുധാകരൻ, ടി.ശരത്ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാർ എംഎൽഎ, നെയ്യാറ്റിൻകര സനൽ, ബിന്ദുകൃഷ്ണ, വർക്കല കഹാർ തുടങ്ങിയവർ പ്രസംഗിച്ചു.