തോമസ് ചാണ്ടി പ്രശ്നം: സിപിഐയിലും ചേരിതിരിവ്

തിരുവനന്തപുരം∙ തോമസ് ചാണ്ടി പ്രശ്നം സിപിഐ–സിപിഎം ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതോടൊപ്പം സിപിഐയിലും അതു ചേരിതിരിവിനു കാരണമായി. തോമസ് ചാണ്ടിയുടെ രാജിക്കു സ്വാഭാവികമായ സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ.ഇസ്മായിലിന്റെ പ്രസ്താവനയ്ക്കെതിരെ പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഇസ്മായിലിന്റെ പ്രസ്താവന ജാഗ്രതക്കുറവോ, നാക്കുപിഴയോ ആകാമെന്നും ഏതായാലും ഈ പ്രശ്നം 22നു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും പ്രകാശ്ബാബു പറഞ്ഞു. 

തോമസ് ചാണ്ടിയുടെ രാജി എത്രയും പെട്ടെന്ന് ഉറപ്പാക്കണമെന്നു 10നു ചേർന്ന സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചിരുന്നു. ഇതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നത്തെ യോഗത്തിൽ ഇസ്മായിൽ പങ്കെടുത്തിരുന്നില്ല. അതിനാലാണ് അദ്ദേഹം ഇക്കാര്യം അറിയാതിരുന്നത്. 

മന്ത്രിസഭാ യോഗത്തിൽനിന്നു പാർട്ടി മന്ത്രിമാർ വിട്ടുനിന്നതു സംസ്ഥാന സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തു നടക്കുന്ന കാര്യങ്ങളിലെല്ലാം ദേശീയ നിർവാഹക സമിതി അംഗങ്ങളുടെ അഭിപ്രായം തേടാറില്ല. സംസ്ഥാന നിർവാഹക സമിതിയിലോ, കൗൺസിലിലോ അവർ പങ്കെടുക്കുകയാണെങ്കിൽ അവരുടെ അഭിപ്രായം ആരായുമെന്നു മാത്രം. സംസ്ഥാനത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവും ആർജവവും സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും പ്രകാശ്ബാബു പറഞ്ഞു.

ഇതേ സമയം, സിപിഐക്കെതിരായ ആക്രമണത്തിനു മൂർച്ച കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചനയുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സിപിഐയെ കടന്നാക്രമിച്ചു. സിപിഐ തോളിലിരുന്നു ചെവി തിന്നുകയാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ എൽഡിഎഫിൽ ഉണ്ടാകുമോ എന്നു തീർത്തു പറയാനാവില്ലെന്നും ആനത്തലവട്ടം പറഞ്ഞു. ഇരു കക്ഷികളും തമ്മിൽ അടുത്തൊന്നും വെടിനിർത്തൽ ഉണ്ടാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.