മുഖ്യമന്ത്രിക്കെതിരായ ഹർജി: 30നു വാദം കേൾക്കും

കൊച്ചി ∙ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പദവിയിൽ തുടരാൻ അർഹതയില്ലെന്നാരോപിക്കുന്ന ക്വോ വാറണ്ടോ ഹർജിയിൽ ഹൈക്കോടതി 30നു വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിക്കുന്നതു സംബന്ധിച്ച തീരുമാനത്തിനായി കോടതി അഡ്വക്കറ്റ് ജനറലിന്റെ വാദം കേൾക്കും.

ഏജിയുടെ സൗകര്യം മാനിച്ചാണു കേസ് 30ലേക്കു മാറ്റിയത്. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മന്ത്രിസഭയുടെ അടിസ്ഥാന തത്വമായ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനം ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും മന്ത്രിസഭായോഗം ബഹിഷ്കരിച്ച നാലു സിപിഐ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പിണറായി വിജയനു പദവിയിൽ തുടരാൻ അർഹതയില്ലെന്നാണു ഹർജിയിലെ വാദം. മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സർക്കാരിനെതിരെ ഹർജി നൽകിയതു മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നു കോടതി കണ്ടെത്തിയിരുന്നു.

വിധിയുടെ പശ്ചാത്തലത്തിൽ, സത്യപ്രതിജ്ഞയിലൂടെ സ്ഥാനമേറ്റ മന്ത്രിസഭയ്ക്കു തുടരാനുള്ള ഭരണഘടനാപരമായ അധികാരം നഷ്ടപ്പെട്ടുവെന്നും ആക്ഷേപമുണ്ട്. അതേസമയം, മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ നാലു സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹർജി കോടതിയുടെ പരിഗണനയിലെത്തിയിട്ടില്ല.